കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്നിരനായികമാരില് ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. അടുത്തിടെയാണ് നേരിട്ട അതിക്രമങ്ങളെ കുറിച്ച് നടി തുറന്ന് പറഞ്ഞത്. എന്നാൽ ഇപ്പോൾ ഭാവനയെ അഭിനന്ദിച്ച് സംവിധായിക അഞ്ജലി മേനോന് രംഗത്ത് എത്തിയിരിക്കുമായാണ്. അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ലെന്നും അവര്‍ സംസാരിക്കുന്നത് സമൂഹം കേള്‍ക്കണമെന്നും സംവിധായിക ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഭാവനയ്ക്കൊപ്പം ഡബ്ല്യൂസിസി പോരാട്ടം തുടരും. അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ല. അതിജീവിത സംസാരിക്കുന്നത് സമൂഹം കേള്‍ക്കണം. എല്ലാവരെയും സന്തോഷിച്ചു പോരാട്ടം നടത്താന്‍ ആകില്ല. നടിയുടെ പ്രശ്നം ഏറ്റെടുത്തപ്പോള്‍ സൗഹൃദങ്ങള്‍ നഷ്ടമായി. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ ഒരു വിഭാഗം അസ്വസ്ഥരാകും. ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമാണ്. ഇവരുടെ മുന്നില്‍ ആണോ സത്യം പറഞ്ഞതെന്ന് ഇരകള്‍ ചോദിക്കുന്നു.
ആഭ്യന്തര പരാതി പരിഹാര കമ്മീറ്റി അവകാശമാണ്. കമ്മിറ്റി രൂപീകരണത്തില്‍ സിനിമ സംഘടനകള്‍ ഒന്നും ചെയ്യുന്നില്ല. ഡബ്ല്യൂസിസിയെ തുടക്കം മുതല്‍ സിനിമാ സംഘടനകള്‍ ശത്രു പക്ഷത്താണ് കാണുന്നതെന്നും അഞ്ജലി മേനോന് പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വിടണമെന്നും നടനൊപ്പം നടിക്കും തുല്യ വേതനം വേണമെന്നും അഞ്ജലി മേനോന് ആവശ്യപ്പെട്ടു. അതേസമയം, ഈ ഞായാറാഴ്ചയാണ് താന്‍ നേരിട്ട ആക്രമണങ്ങളെ കുറിച്ചും മാനസിക സംഘര്‍ഷത്തെ കുറിച്ചും ഭാവന തുറന്നു സംസാരിച്ചത്.