ലക്ഷക്കണക്കിന് ആരാധകര്‍ സ്റ്റേജിനു മുന്നില്‍ ഇളകിമറിയുമ്പോള്‍ വേദി കീഴടക്കുന്ന കൊച്ചു പയ്യന്‍. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് റാപ്പര്‍ ഹിരണ്‍ ദാസ് കേരളത്തിലെ യുവാക്കളുടെ മനസു കീഴടക്കി വേടനായി മാറിയത് അതിവേഗമാണ്. പ്രശസ്തിയും ആരാധകരും കൈനിറയെ കാശും എത്തിയപ്പോള്‍ വേടന്‍ വഴി തെറ്റിപ്പോയെന്നാണ് പലരും പറഞ്ഞിരുന്നത്. എന്നാലിപ്പോഴും അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത് തൃശൂരിലെ വാടകവീട്ടിലാണെന്ന സത്യം ആരാധകര്‍ തിരിച്ചറിഞ്ഞത് ഞെട്ടലോടെയാണ്. കഷ്ടപ്പാടുകള്‍ക്കു നടുവില്‍ ആരുടെയും സഹായമില്ലാതെ തനിച്ചു വളര്‍ന്നു വന്ന വേടന്‍ ഇന്നുണ്ടാക്കിയ പ്രശസ്തിയും പകിട്ടുമെല്ലാം തനിയെ നേടിയെടുത്തതാണ്. 25-ാം വയസില്‍ പുറത്തിറക്കിയ ആദ്യ ഗാനം സൂപ്പര്‍ ഹിറ്റായതോടെയാണ് വേടന്റെ ജീവിതം മാറിമറിഞ്ഞത്.
തൃശൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള സ്വപ്നഭൂമി എന്ന കോളനിയിലാണ് വേടന്‍ ജനിച്ചത്. അച്ഛന്‍ മുരളി ഒരു ലോട്ടറിക്കച്ചവടക്കാരനായിരുന്നു. അമ്മ ശ്രീലങ്കക്കാരിയും. മുരളിയ്ക്കും ഭാര്യയ്ക്കും മൂന്നു മക്കളാണ് ജനിച്ചത്. മൂത്തവന്‍ ഹരിദാസ് മുരളി. രണ്ടാമത്തെ മകനാണ് ഹിരണ്‍ ദാസ് മുരളിയെന്ന വേടന്‍. മൂന്നാമത്തേത് ഒരു പെണ്‍കുട്ടിയാണ്. ജാതി പറഞ്ഞുള്ള അധിക്ഷേപം വളരെയധികം നേരിട്ട പയ്യനായിരുന്നു വേടന്‍. കുട്ടിക്കാലം മുതല്‍ക്കെ കറുപ്പിനോടുള്ള സമൂഹത്തിന്റെ വെറുപ്പും ജാതി അധിക്ഷേപവും ഏറ്റുവാങ്ങിയായിരുന്നു വേടന്‍ വളര്‍ന്നത്. അങ്ങനെ ചുറ്റുമുള്ളവര്‍ കളിയാക്കി വിളിച്ച പേരായിരുന്നു വേടന്‍ എന്നത്. വളര്‍ന്നപ്പോള്‍ ആ പേര് തന്നെ സ്വയം തന്നോടു ചേര്‍ക്കുകയായിരുന്നു. അധികമൊന്നും പഠിച്ചിട്ടില്ലാത്ത വേടന്‍ നിര്‍മാണ മേഖലയില്‍ കൂലിപ്പണിയ്ക്കും പോയിരുന്നു.
സംഗീതത്തെ നെഞ്ചോടു ചേര്‍ത്ത കാലം മുതല്‍ക്ക് സ്റ്റുഡിയോ ബോയിയായും ജോലി ചെയ്തിരുന്നു. അവിടെ നിന്നുമാണ് റാപ്പര്‍ സംഗീതത്തിന്റെ പുതിയ മേഖലകളെ കുറിച്ച് കൂടുതലറിഞ്ഞത്. കുട്ടിക്കാലം മുതല്‍ക്കെ വാടകവീടുകളിലായിരുന്നു മുരളിയും ഭാര്യയും മക്കളും താമസിച്ചിരുന്നത്. ഭാര്യ പണ്ടു മുതല്‍ക്കെ അസുഖക്കാരിയായിരുന്നു. വാടകവീടുകള്‍ മാറിമാറിയുള്ള ജീവിതത്തിനിടെയാണ് മുരളിയും കുടുംബവും മുളങ്കുന്നത്തുകാവിലെ വാടക വീട്ടിലേക്കും എത്തിയത്. അതിനു മുന്നേ തന്നെ വോയ്സ് ഓഫ് വോയിസ് ലെസ് എന്ന ആദ്യഗാനം വേടന്‍ പുറത്തിറക്കിയിരുന്നു. മകന്‍ ഉയര്‍ച്ചകളിലേക്ക് പോകുന്നത് പോകവേയാണ് മുളങ്കുന്നത്തുകാവിലെ വീട്ടിലേക്ക് കുടുംബം എത്തിയത്. രണ്ടു വര്‍ഷത്തോളമാണ് ഇവിടെ താമസിച്ചത്. അതിനിടെയാണ് അമ്മയ്ക്ക് അസുഖം മൂര്‍ച്ഛിക്കുന്നതും ആ വീട്ടില്‍ വച്ച് മരണം സംഭവിക്കുന്നതും.
പിന്നാലെ വേടന്റെ ചേട്ടന്റെ വിവാഹവും നടന്നു. എല്ലാവര്‍ക്കും കൂടി ആ വീട്ടില്‍ താമസിക്കുകയെന്നത് ബുദ്ധിമുട്ടായതോടെയാണ് അതിനു തന്നെ അടുത്തുള്ള ഒരു വില്ലാ പ്രോജക്ടിലെ വീട് വേടന്‍ വാടകയ്ക്ക് എടുത്തത്. ജോലി ആവശ്യങ്ങളുമായി വേടന്‍ എപ്പോഴും എറണാകുളത്ത് ആയതിനാല്‍ തന്നെ ഈ വാടകവീട്ടില്‍ താമസിക്കുന്നത് അച്ഛനും ചേട്ടനും ഭാര്യയും അനുജത്തിയുമാണ്. എല്ലായ്പ്പോഴും ഇവിടെ വീട്ടുകാര്‍ക്കൊപ്പം കഴിയാന്‍ വേടന്‍ എത്തുകയും ചെയ്യാറുണ്ട്. നായകളെ ഏറെ സ്നേഹിക്കുന്ന വേടനൊപ്പം പണ്ടു മുതല്‍ക്കെയുള്ള വളര്‍ത്തു നായയാണ് ബുദ്ധന്‍. കുട്ടികളേയും നായകളേയും ഏറെ സ്നേഹിക്കുന്ന വേടന് അവരെല്ലാം പ്രാണനാണ്. തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ സംഗീതത്തെ കുറിച്ചും കുഞ്ഞുങ്ങളെ കുറിച്ചും നായകളെ കുറിച്ചുമുള്ള പോസ്റ്റുകളാണ് വേടന്‍ പങ്കുവെക്കുന്നതിലേറെയും.