Latest News

48ാം വയസില്‍ അപ്രതീക്ഷിതമായി വിട പറഞ്ഞ നടന്‍ മനോജ് ഭാരതിരാജ നടി നന്ദനയുടെ ഭര്‍ത്താവ്;  ഹൃദയാഘാതത്തെ  തുടര്‍ന്ന് മരിച്ചത് തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ മകനും നടനും കൂടിയായ കോഴിക്കോടിന്റെ മരുമകന്‍; മരണം ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്നതിനിടെ

Malayalilife
48ാം വയസില്‍ അപ്രതീക്ഷിതമായി വിട പറഞ്ഞ നടന്‍ മനോജ് ഭാരതിരാജ നടി നന്ദനയുടെ ഭര്‍ത്താവ്;  ഹൃദയാഘാതത്തെ  തുടര്‍ന്ന് മരിച്ചത് തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ മകനും നടനും കൂടിയായ കോഴിക്കോടിന്റെ മരുമകന്‍; മരണം ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്നതിനിടെ

പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ അന്തരിച്ച വാര്‍ത്ത ഇന്നലെ രാത്രിയോടെയാണ് എത്തിയത്. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്നതിനിടേയാണ് മരണം സംഭവിച്ചത്.

48 വയസ്സുകാരനായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിതമായ മരണത്തിന്റെ ആഘാതത്തിലാണ് സിനിമാലോകവും കുടുംബവും.തനിക്ക് മുന്നേ പോയ മകന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ തളര്‍ന്നു വീണുപോയ ഭാരതി രാജയുടെ വീഡിയോകളും, അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ എത്തുന്ന സഹപ്രവര്‍ത്തകരുടെ വീഡിയോകളുമൊക്കെയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ ആഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മനോജിനു കേരളവുമായിട്ടുമുണ്ട് ബന്ധം. മനോജ് വിവാഹം ചെയ്തിരിക്കുന്നത് നടിയും കോഴിക്കോട് സ്വദേശിയുമായ നന്ദനയെ (അശ്വതി) ആണ്. 2006ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

സ്‌നേഹിതന്‍, സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യര്‍ സിബിഐ, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നന്ദന. നാലോളം തമിഴ് ചിത്രങ്ങളിലും നന്ദന അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയത്തോട് വിട പറയുകയായിരുന്നു.

ഭാരതിരാജയുടെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ 'താജ് മഹല്‍' എന്ന ചിത്രത്തിലൂടെ യായിരുന്നു മനോജിന്റെ അരങ്ങേറ്റം. സമുദ്രം, കടല്‍ പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, പല്ലവന്‍, ഈറ നിലം, മഹാ നടികന്‍, അന്നക്കൊടി, മാനാട് തുടങ്ങി പതിനെട്ടോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2022ല്‍ പുറത്തിറങ്ങിയ വിരുമന്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

സൗത്ത് ഫ്ളോറിഡ യൂണിവേഴ്സിറ്റിയില്‍ നിന്നും തിയേറ്റര്‍ ആട്സ് പഠിച്ചതിന് ശേഷമാണ് പിന്നീട് മനോജ് സിനിമയിലേക്ക് തിരിച്ചെത്തിയത്. 1999 ല്‍ പുറത്തിറങ്ങിയ താജ്മഹല്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു. മണിരത്നത്തിന്റെ രചനയില്‍ അച്ഛന്‍ ഭാരതി രാജ സംവിധാനം ചെയ്ത താജ് മഹല്‍ വന്‍ വിജയവുമായി. എആര്‍ റഹ്‌മാന്റെ മ്യൂസിക് ആയിരുന്നു താജ്മഹലിന്റെ ഹൈലൈറ്റ്.

മണിരത്നത്തിനൊപ്പം ബോംബൈ എന്ന ചിത്രത്തിലും ഷങ്കറിനൊപ്പം എന്തിരന്‍ എന്ന ചിത്രത്തിലും മനോജ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023ല്‍ പുറത്തിറങ്ങിയ 'മാര്‍കഴി തിങ്കള്‍' എന്ന ചിത്രത്തിലൂടെ സിനിമ സംവിധായകനുമായി. പിതാവ് ഭാരതിരാജയായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്.

പിന്നീട് ശരത് കുമാറിനൊപ്പെ ചെയ്ത സമുന്തിരം എന്ന ചിത്രമുള്‍പ്പടെ നിരവധി സിനിമകളില്‍ മനോജ് അഭിനയിച്ചു. പക്ഷേ ഒരു നായക നടന്‍ എന്ന നിലയില്‍ സ്ഥാനമുറപ്പിക്കാന്‍ താരുപുത്രന് സാധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ചിമ്പു നായകനായ മാനാട് എന്ന വെങ്കട് പ്രഭു ചിത്രത്തിലൂടെയായിരിന്നു മനോജിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ്. കാര്‍ത്തി നായകനായ വിരുമാന്‍ എന്ന ചിത്രത്തിലാണ് നടന്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അതിനിടയില്‍ സ്നേക്കേഴ്സ് ആന്റ് ലേഡേഴ്സ് എന്ന വെബ് സീരീസിലും മനോജ് അഭിനയിച്ചിരുന്നു.

അര്‍ഷിത, മതിവതാനി എന്നിങ്ങനെ രണ്ടു മക്കളാണ് മനോജ് നന്ദന ദമ്പതികള്‍ക്കുള്ളത്.

actor Manoj Bharathiraja dies of heart attack

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES