Latest News

ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടല്‍; ഉടന്‍ എത്തിച്ചത് തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍; മരണത്തിലും പഞ്ചനക്ഷത്രം ഒഴിവാക്കിയത് യാദൃശ്ചികത; ശ്രീനിവാസന് ആഗ്രഹിച്ച മണ്ണിലേക്ക് മടങ്ങുമ്പോള്‍

Malayalilife
ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടല്‍; ഉടന്‍ എത്തിച്ചത് തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍; മരണത്തിലും പഞ്ചനക്ഷത്രം ഒഴിവാക്കിയത് യാദൃശ്ചികത; ശ്രീനിവാസന് ആഗ്രഹിച്ച മണ്ണിലേക്ക് മടങ്ങുമ്പോള്‍

സാധാരണക്കാര്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച ശ്രീനിവാസന്റെ മരണവും സര്‍ക്കാര്‍ ആശുപത്രിയില്‍. പഞ്ചനക്ഷത്ര സൗകര്യങ്ങളൊഴിവാക്കി കൃഷിയേയും പരിസ്ഥിതിയേയും സ്നേഹിച്ച് ജീവിച്ച ശ്രീനിവാസന്‍ മടങ്ങുകയാണ്. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. ഭാര്യ വിമല ഉള്‍പ്പെടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. അസുഖബാധിതനായ ശ്രീനിവാസന്‍ ഏറെനാളായി കണ്ടനാട്ടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇവിടെയാകും ശ്രീനിവാസന് അന്ത്യവിശ്രമം ഒരുക്കുക.

അസുഖമാണെങ്കിലും ശ്രീനിവാസന്‍ ഇടയ്ക്ക് പൊതുപരിപാടികളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, അടുത്തിടെയുണ്ടായ വീഴ്ചയ്ക്കുശേഷം നടക്കാന്‍ ബുദ്ധിമുട്ടുണ്ടായി. ആരോഗ്യംക്ഷയിച്ച തനിക്ക് മതിയായി എന്ന് പറഞ്ഞിരുന്നതായി സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. ഒരാഴ്ച മുമ്പായിരുന്നു ഈ സംഭാഷണം. ശ്രീനിവാസന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടക്കും. അതുല്യപ്രതിഭയുടെ ജീവിതം ലളിതമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ അടയാളമാണ് എറണാകുളം ജില്ലയിലെ കണ്ടനാട്ടെ അദ്ദേഹത്തിന്റെ വീട്. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറി, പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ വീട് ശ്രീനിവാസന്റെ തന്നെ വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരുന്നു. കണ്ടനാട്ടെ തന്റെ മണ്ണില്‍ അദ്ദേഹം നടത്തിയ ജൈവകൃഷി പരീക്ഷണങ്ങളാണ് ഈ പ്രദേശത്തെ വാര്‍ത്തകളില്‍ നിറച്ചത്. കണ്ടനാട്ടെ പാടശേഖരങ്ങളില്‍ ഇറങ്ങി വിത്തെറിഞ്ഞും വിളവെടുത്തും ഒരു സാധാരണ കര്‍ഷകനായി ജീവിക്കാന്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടു.

സിനിമയിലെ വലിയ തിരക്കുകള്‍ക്കിടയിലും മണ്ണിലേക്ക് മടങ്ങാനുള്ള ശ്രീനിവാസന്റെ ആഗ്രഹം വലിയൊരു സന്ദേശമാണ് നല്‍കിയത്. തരിശുനിലങ്ങളെ പച്ചപ്പണിയിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. 'നമ്മള്‍ കഴിക്കുന്ന വിഷരഹിതമായ ഭക്ഷണം നമ്മുടെ തന്നെ മണ്ണില്‍ നിന്ന് ഉണ്ടാകണം' എന്ന ലളിതമായ ദര്‍ശനമായിരുന്നു അദ്ദേഹത്തിന്റേത്. കണ്ടനാട്ടെ വീടിന്റെ മുറ്റത്ത് വെച്ചാണ് മലയാള സിനിമയിലെ പല ഐതിഹാസിക തിരക്കഥകളും പിറവികൊണ്ടത്. ആ വീടിന്റെ വരാന്തയില്‍ ഇരുന്ന് അദ്ദേഹം തന്റെ നിരീക്ഷണങ്ങളെ പേനത്തുമ്പിലൂടെ കടലാസിലേക്ക് പകര്‍ത്തി. നാട്ടുകാര്‍ക്ക് അദ്ദേഹം സിനിമയിലെ വലിയ താരമായിരുന്നില്ല, മറിച്ച് സരസമായി സംസാരിക്കുന്ന, ലളിതമായി ജീവിക്കുന്ന തങ്ങളില്‍ ഒരാളായിരുന്നു. അസുഖബാധിതനായി വിശ്രമത്തിലായിരുന്നപ്പോഴും കണ്ടനാട്ടെ വീട്ടിലേക്കെത്തുന്ന ഓരോ വ്യക്തിയെയും സ്വീകരിക്കാനും അവരോട് തമാശകള്‍ പങ്കുവെക്കാനും മറന്നില്ല.

ആശുപത്രിയില്‍ നിന്നും ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടിലെത്തിച്ച മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. പ്രിയനേതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവര്‍ ആശുപത്രിയിലേക്കെത്തി. മരണവാര്‍ത്ത അറിഞ്ഞ് സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയിലേക്ക് എത്തുകയാണ്. നടന്‍ മമ്മൂട്ടി, ഭാര്യ സുല്‍ഫത്തിനൊപ്പം ശ്രീനിവാസന്റെ വീട്ടിലെത്തി. നടന്‍ എന്നതിനു പുറമെ സംവിധായകന്‍, തിരക്കഥാകൃത്ത് എന്ന നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസന്‍ നര്‍മത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ വെള്ളിത്തിരയിലെത്തിച്ചു. മൂന്നര ദശകത്തോളം ചലച്ചിത്രത്തിന്റെ സര്‍വമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു. തലശേരിക്കടുത്ത് പാട്യത്ത് 1956 ഏപ്രില്‍ ആറിനായിരുന്നു ജനനം. പിതാവ് ഉച്ചംവെള്ളി ഉണ്ണി സ്‌കൂള്‍ അധ്യാപകനും പ്രദേശത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും ആയിരുന്നു. അമ്മ ലക്ഷ്മി. പാട്യത്തെ കോങ്ങാറ്റ പ്രദേശത്ത് പാര്‍ടിക്ക് അടിത്തറപാകുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു പിതാവ് ഉണ്ണി. വായനശാലകള്‍ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനില്‍ വായനയിലും നാടകാഭിനയത്തിലും കമ്പമുണര്‍ത്തിയത്.

കതിരൂര്‍ ഗവ. ഹൈസ്‌കൂളിലും മട്ടന്നൂര്‍ എന്‍എസ്എസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് നാടകത്തില്‍ സജീവമായി. ജ്യേഷ്ഠന്‍ രവീന്ദ്രനായിരുന്നു ആദ്യ പ്രചോദനം. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ച് 'ഘരീബി ഖഠാവോ' നാടകം എഴുതി പാട്യം ഗോപാലന്റെ നിര്‍ദേശത്താല്‍ അവതരിപ്പിച്ചു. കതിരൂരിലെ ഭാവന തിയറ്റേഴ്സിന്റെ നാടക പ്രവര്‍ത്തനങ്ങളിലും ശ്രീനിവാസന്‍ സജീവമായിരുന്നു. ശേഷം അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1977ല്‍ ഡിപ്ലോമയെടുത്തു. പ്രശസ്ത നടന്‍ രജനികാന്ത് സീനിയറായിരുന്നു.

Read more topics: # ശ്രീനിവാസന്
sreenivasan last minitue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES