തമിഴ് സൂപ്പര്‍താരം ധനുഷുമായി പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി നടി മൃണാള്‍ താക്കൂര്‍. പ്രചരിക്കുന്നവയെല്ലാം അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ധനുഷ് തനിക്ക് നല്ലൊരു സുഹൃത്ത് മാത്രമാണെന്നും മൃണാള്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് നടിയുടെ വിശദീകരണം. 'സണ്‍ ഓഫ് സര്‍ദാര്‍ 2' എന്ന ചിത്രവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന ചടങ്ങില്‍ ധനുഷും മൃണാളും സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. 'ഈ വാര്‍ത്തകള്‍ കണ്ടപ്പോള്‍ തനിക്ക് തമാശയാണ് തോന്നിയത്,' എന്ന് മൃണാള്‍ പറഞ്ഞതായി തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചടങ്ങിലേക്ക് ധനുഷിനെ ക്ഷണിച്ചത് താനല്ലെന്നും നടന്‍ അജയ് ദേവ്ഗണ്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആരും അമിതമായി ചിന്തിക്കേണ്ടതില്ലെന്നും മൃണാള്‍ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് ഒന്നിന് നടന്ന മൃണാളിന്റെ ജന്മദിന ആഘോഷത്തില്‍ ധനുഷ് പങ്കെടുത്തതും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇതിനുപുറമെ, ധനുഷിന്റെ പുതിയ ചിത്രമായ 'തേരേ ഇഷ്‌ക് മേനി'ന്റെ അണിയറപ്രവര്‍ത്തകര്‍ക്കായി നടത്തിയ പാര്‍ട്ടിയിലും മൃണാള്‍ പങ്കെടുത്തിരുന്നു. ധനുഷിന്റെ സഹോദരിമാരായ ഡോ. കാര്‍ത്തിക കാര്‍ത്തിക്, വിമല ഗീത എന്നിവരെ മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരാന്‍ തുടങ്ങിയതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുകയായിരുന്നു.