മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് രജിഷ വിജയൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ അമ്മയുടെ പിറന്നാളിന് കൊടുത്ത സര്‍പ്രൈസിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
രജിഷ വിജയന്‍ പറഞ്ഞതിങ്ങനെ,
‘എന്റെ സര്‍പ്രൈസുകളെല്ലാം അടിപൊളിയാണ്. ഇതുവരെ ഒന്നും പൊളിഞ്ഞിട്ടില്ല. ഞാന്‍ മിക്കവാറും ബര്‍ത്ത്ഡേയ്ക്കാണ് സര്‍പ്രൈസുകള്‍ കൊടുക്കാറ്. അതെല്ലാം പൊതുവെ വര്‍ക്കാവാറുണ്ട്. എന്റെ അമ്മയുടെ ബര്‍ത്ത്ഡേയ്ക്ക് ഇങ്ങനെ സര്‍പ്രൈസ് കൊടുത്തിരുന്നു. അമ്മ എന്റെയടുത്ത് രണ്ട് ദിവസമായി ഭയങ്കര പിണക്കമായിരുന്നു. ഒരു കാര്യവുമില്ലാതെ അമ്മയും ഞാനും തമ്മില്‍ വെറും സൗന്ദര്യപ്പിണക്കം. അമ്മയുടെ പിറന്നാളായിട്ടും അമ്മ എന്നോട് മിണ്ടുന്നില്ല.
അന്ന് രാത്രി പന്ത്രണ്ട് മണിക്കായിരുന്നു ബര്‍ത്ത്ഡേ, ഞാന്‍ ആവുന്നത്ര ശ്രമിച്ചുനോക്കുന്നുണ്ട്. പക്ഷെ അമ്മ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല. ഞാന്‍ ഒരു കാര്യം ചെയ്തു. ഞാന്‍ വെള്ള ഉടുപ്പൊക്കെ ഇട്ട്, കാലില്‍ ചിലും ചിലും ശബ്ദമുള്ള പാദസരമിട്ട്, മുടി അഴിച്ചിട്ട്, വത്തക്കയില്‍ ഒരു മെഴുകുതിരിയും വെച്ചു. ഞാന്‍ രാത്രി അച്ഛനും അമ്മയും കിടക്കുന്ന റൂമിന്റെ ഡോര്‍ തുറന്ന് അതിന്റെ മുന്നിലൂടെ പാദസരം കിലുക്കിക്കൊണ്ട് രണ്ടുമൂന്ന് തവണ നടന്നു.
അയ്യോ അമ്മച്ചീ, എന്നും പറഞ്ഞ് അച്ഛനും അമ്മയും ഞെട്ടി എണീറ്റു. അത് കഴിഞ്ഞ് രണ്ടാഴ്ച ലൈറ്റ് ഓണ്‍ ആക്കി വെച്ചാണ് അമ്മ കിടന്നുറങ്ങിയത്. അമ്മ പാവം ഭയങ്കരമായി പേടിച്ചുപോയി. എന്നാലും അന്ന് നീ അങ്ങനെ ചെയ്തുകളഞ്ഞല്ലോ എന്ന് അമ്മ ഇപ്പോഴും പറയാറുണ്ട്. ഇങ്ങനെ ചില യമണ്ടന്‍ സര്‍പ്രൈസുകളുണ്ട്.’