Latest News

ശ്രീദേവി ശേഖരിച്ചുവച്ച ചിത്രങ്ങളും കലാരൂപങ്ങളാലും അലങ്കരിച്ച് വീട്; ശ്രീദേവി ചെന്നെയില്‍ ആദ്യമായി വാങ്ങിയ വീട് പരിചയപ്പെടുത്തി ഓര്‍മ്മകള്‍ പങ്ക് വച്ച് ജാന്‍വി കപൂര്‍

Malayalilife
ശ്രീദേവി ശേഖരിച്ചുവച്ച ചിത്രങ്ങളും കലാരൂപങ്ങളാലും അലങ്കരിച്ച് വീട്; ശ്രീദേവി ചെന്നെയില്‍ ആദ്യമായി വാങ്ങിയ വീട് പരിചയപ്പെടുത്തി ഓര്‍മ്മകള്‍ പങ്ക് വച്ച് ജാന്‍വി കപൂര്‍

ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു ശ്രീദേവി. തെന്നിന്ത്യന്‍ സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലെ മിന്നും താരമായി നടി മാറുകയായിരുന്നു. അഭിനയിച്ച എല്ലാ ഭാഷകളിലും ഒരുപോലെ താരമായിരുന്നു ശ്രീദേവി.ഇപ്പോള്‍ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂര്‍. 2018 ല്‍ പുറത്തിറങ്ങിയ ധടക് സിനിമയിലൂടെയാണ് ജാന്‍വി ബോളിവുഡിലേക്കെത്തിയത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ജാന്‍വി. ഇപ്പോള്‍ വോഗ് മാഗസിനായി തങ്ങളുടെ ചെന്നെയിലെ വീട് പരിചയപ്പെടുത്ത ജാന്‍വിയുടെ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

അച്ഛന്‍ വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഞാനും അമ്മയും ചെന്നൈയിലെ ഈ വീട്ടിലേക്ക് എത്തിച്ചേരുമായിരുന്നു, കാരണം അച്ഛനെത്തും മുന്‍പ് വീട് പൂക്കള്‍ കൊണ്ട് അലങ്കരിക്കണമെന്നും അച്ഛനിഷ്ടപ്പെട്ട എല്ലാ വിഭവങ്ങളും തയ്യാറാക്കി വയ്ക്കണമെന്നും അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു,ചെന്നൈ വസതിയെ കുറിച്ചുള്ള ഓര്‍മ പങ്കിട്ടുകൊണ്ട് ജാന്‍വി പറയുന്നു. ശ്രീദേവി ആദ്യമായി വാങ്ങിയ വീടുകളില്‍ ഒന്നാണിത്. 

വര്‍ഷങ്ങളായി ശ്രീദേവി ശേഖരിച്ചുവച്ച നിരവധി ചിത്രങ്ങളും കലാരൂപങ്ങളും വീടിന്റെ പ്രധാന ആകര്‍ഷണമാണ്്.മെമ്മോറബിലിയ മതിലും ജാന്‍വി പരിചയപ്പെടുത്തി. ''ഇത് അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോകളാണ്. ഇത് ഒരുതരം രഹസ്യ വിവാഹമാണെന്ന് ഞാന്‍ കരുതുന്നു, അതിനാല്‍ അവര്‍ വളരെ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് എനിക്കു തോന്നുന്നു. ഞാനിത് പറയാന്‍ പാടുണ്ടോ എന്നെനിക്കറിയില്ല,'' തന്റെ മാതാപിതാക്കളുടെ വിവാഹ ഫോട്ടോകള്‍ ചൂണ്ടികാണിച്ചു കൊണ്ട് ജാന്‍വി പറഞ്ഞു.

താന്‍ ആണ്‍കുട്ടികളോട് ഫോണില്‍ സംസാരിക്കുന്നത് ഇഷ്ടപ്പെടാത്തതിനാല്‍ ബാത്ത്‌റൂമിന്റെ വാതില്‍ പൂട്ടാന്‍ അമ്മ ഒരിക്കലും അനുവദിച്ചില്ലെന്നും ജാന്‍വി ഓര്‍ത്തെടുത്തു. ചോര്‍ച്ച കാരണം ബോണികപൂര്‍ വീട് നവീകരിച്ചെടുത്തെങ്കിലും ഇപ്പോഴും തന്റെ കുളിമുറിയുടെ വാതിലിന് പൂട്ടില്ലെന്നും ജാന്‍വി പറയുന്നു.

ചെന്നൈയിലെ വീട്ടിലേക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായി അമ്മ ഇറ്റലിയില്‍ പോയ കഥയും താരം പങ്ക് വക്കുന്നുണ്ട്. ഇറ്റലിയില്‍ വച്ചൊരാള്‍ അമ്മയോട് അടുക്കാന്‍ ശ്രമിക്കുകയും പഞ്ചാരയടിക്കുകയുമായിരുന്നു. 
അമ്മ ഒരു സുഹൃത്തിനൊപ്പമായിരുന്നു പോയിരുന്നത്. അയാള്‍ എന്ത് ധൈര്യമുണ്ടായിട്ടാണ് എന്നോട് സംസാരിച്ചതെന്ന് അമ്മ ദേഷ്യപ്പെട്ടു. ആ സംഭവം അമ്മയുടെ സുഹൃത്ത് തമാശയെന്ന നിലയില്‍ അച്ഛനോട് പറയുകയായിരുന്നു. അത് കേട്ടതും അച്ഛന് വിഭ്രാന്തിയായി. അദ്ദേഹം എന്നേയും ഖുഷിയേയും മുംബൈയില്‍ ഒറ്റയ്ക്കിട്ട് അമ്മയുടെ അടുത്തേക്ക് പോയി'' എന്നാണ് ജാന്‍വി പറയുന്നത്.

''അച്ഛനും അമ്മയും അതൊരു മിനി ഹണിമൂണ്‍ ആക്കി മാറ്റുകയായിരുന്നു. ഞാന്‍ ഭയങ്കര റൊമാന്റിക്കാണ്. അതിന്റെ വലിയൊരു പങ്കും എന്റെ അച്ഛനും അമ്മയും തമ്മിലുള്ള പ്രണയം കണ്ടതുകൊണ്ട് വന്നതാണ്'' എന്നും ജാന്‍വി പറയുന്നുണ്ട്

ഭര്‍ത്താവ് ബോണി കപൂര്‍ നിര്‍മ്മാണം ചെയ്ത മോം ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം. 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബാംഗങ്ങളെയും ആരാധകരെയും ശ്രീദേവിയുടെ വേര്‍പാട് ഇപ്പോഴും വേദനിപ്പിക്കുന്നതാണ്. ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നീ രണ്ടു മക്കളാണ് ശ്രീദേവിക്ക്.

അടുത്തിടെ മിലി എന്ന ചിത്രത്തിലാണ് ജാന്‍വിയെ കണ്ടത്. വരുണ്‍ ധവാനൊപ്പം നിതേഷ് തിവാരിയുടെ ബവല്‍ രാജ്കുമാര്‍ റാവുവിനൊപ്പം ശരണ്‍ ശര്‍മ്മയുടെ മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹിഎന്നിവയാണ് അണിയറയില്‍ പുരോഗമിക്കുന്ന ജാന്‍വി ചിത്രങ്ങള്‍.

Janhvi Kapoor home in Chennai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES