ഡിസി ആരാധകര്‍ ഏറെ കാത്തിരുന്ന 'ദി ഫ്‌ലാഷ്' ട്രെയിലര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 2021ല്‍ ആദ്യ ടീസര്‍ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഈ ചിത്രത്തെക്കുറിച്ച് ഒരു അപ്‌ഡേറ്റ് ഡിസിയും വാര്‍ണര്‍ ബ്രദേഴ്‌സും നല്‍കുന്നത്. പുതിയ ഡിസി യൂണിവേഴ്‌സിന് വേണ്ടി പൂര്‍ണ്ണമായും പുതിയ രൂപത്തിലായിരിക്കും ഫ്‌ലാഷ് എത്തുക എന്ന് ഇപ്പോഴത്തെ ഡിസി യൂണിവേഴ്‌സിന്റെ ചുമതലക്കാരനായ ജെയിംസ് ഗണ്‍ പറഞ്ഞിരുന്നു.
എസ്ര മില്ലര്‍ നായകനായെത്തുന്ന ഫ്‌ളാഷിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. ഡിസിയുടെ തലപ്പത്ത് നടന്ന അഴിച്ചു പണിയുടെ ഭാഗമായി ജെയിംസ് ഗണ്ണിന് പുതിയ ചുമതല ലഭിച്ചതോടെ ഇത് വരെ കണ്ട് പരിചിതമായ പല സൂപ്പര്‍ നായക കഥാപാത്രങ്ങളും ഇനി സ്‌ക്രീനില്‍ തുടരില്ല എന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു. ഹെന്റി കാവിലിന്റെ സൂപ്പര്‍മാന്‍ കഥാപാത്രം അടക്കം ഇതില്‍പ്പെടുന്നു എന്ന് ഡിസി കോമിക്‌സ് ആരാധകര്‍ ഉള്‍ക്കൊള്ളുന്നതനിടയിലാണ് പുതിയ ഫ്‌ളാഷ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. .
മൈക്കല്‍ കീറ്റ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബാറ്റ്മാന്റെ വേഷത്തില്‍ തിരിച്ചുവരുന്നു എന്നതാണ് ട്രെയിലറിലെ ഏറ്റവും വലിയ സര്‍പ്രൈസ്. കൂടാതെ ബെന്‍ അഫ്‌ലെക്ക് ബാറ്റ്മാനായി ചിത്രത്തില്‍ എത്തുന്നുണ്ട്. പുതിയ ചില കഥാപാത്രങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലറില്‍ വ്യക്തമാണ്. ഒരുപാട് പ്രതിസന്ധികളും വിവാദങ്ങള്‍ക്കും ശേഷമാണ് 'ദി ഫ്‌ലാഷി' എന്ന ചിത്രം പുറത്തിറങ്ങുന്നത്. ഫ്‌ലാഷായി അഭിനയിക്കുന്ന എസ്രാ മില്ലര്‍ ചില പൊലിസ് കേസുകള്‍ കാരണം ജയിലില്‍ ആയിരുന്നു.
എസ്ര മില്ലര്‍ അവതരിപ്പിക്കുന്ന ബാരി അലന്‍ എന്ന ഫ്‌ലാഷ് തന്റെ ഭൂതകാലത്തില്‍ നടന്ന ദുരന്തത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ പിന്നോട്ട് സഞ്ചരിക്കുന്നതും. അത് പാരലല്‍ വേള്‍ഡുകള്‍ തമ്മിലുള്ള സംയോജനത്തിന് വഴിവയ്ക്കുന്നതുമാണ് കഥാഗതിയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
>മാര്‍വല്‍ കോമിക്‌സിന്റെ പാരലല്‍ യൂണിവേഴ്‌സ് സിനിമകളോട് കിട പിടിക്കുന്ന തരത്തിലുള്ള പ്രമേയത്തിലാണ് പുതിയ ഫ്‌ലാഷ് ചിത്രം സംവിധായകനായ ആന്ദ്രേസ് മുഷിയെറ്റി ഒരുക്കിയിരിക്കുന്നത്. എസ്ര മില്ലര്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രവും ബെന്‍ എഫ്‌ളക്കിന്റെയും മൈക്കല്‍ കീറ്റണിന്റെയും ബാറ്റ്മാന്‍ കഥാപാത്രവും എല്ലാം അടങ്ങുന്ന ട്രെയിലര്‍ ഡിസി ആരാധകര്‍ക്ക് പുറമേയുള്ള സിനിമാ ലോകവും ഏറ്റെടുത്ത് കഴിഞ്ഞു.
ദി ഫ്‌ളാഷ് പുറത്തിറങ്ങുന്നതോടെ ബെന്‍ എഫ്‌ളക്കിന്റെ ബാറ്റ്മാന്‍ കഥാപാത്രവും അതേ യൂണിവേഴ്‌സിലെ മറ്റു ഡിസി സൂപ്പര്‍ഹീറോകളും ഡിസി യൂണിവേഴ്‌സില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും പുതിയ സ്റ്റേജിന് തുടക്കമാകുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.