കേരളത്തിന് മുന്നില്‍ കണ്ണീരോടെ കൈകൂപ്പി കരഞ്ഞ ട്രാന്‍സ്‌ജെന്റര്‍ യുവതി സജ്ന ഷാജിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറായതോടെ നിരവധി പേരാണ് പിന്തുണ അറിയിച്ച് എത്തിയത്. നസ്രിയ ഫഹദ് ഫാസില്‍ വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി താരങ്ങള്‍ പിന്തുണ അറിയിച്ച് എത്തിയിരുന്നു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയാണ് സജ്ന ഷാജിയും മറ്റ് നാലുപേരും ജീവിക്കുന്നത്. തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ഇവര്‍ പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവര്‍ വീഡിയോയില്‍ പറയുന്നു.
'150 ബിരിയാണിയും 20 ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രമാണ്. ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യാനാണ്? കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍.ഉണ്ടായിരുന്നതൊക്കെ വിറ്റും പെറുക്കിയും കുടുക്ക വരെ പൊട്ടിച്ചുമാണ് ഞങ്ങള്‍ ബിരിയാണി കച്ചവടം തുടങ്ങിയതെന്നും കണ്ണീരോടെ ലൈവില്‍ സജ്‌ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിരവധിപേര്‍ സജ്‌നയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു. സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ വേണ്ട സാമ്പത്തിക സഹായം നല്‍കുമെന്ന് ജയസൂര്യ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി കെകെ ഷൈലജയും പറഞ്ഞിരുന്നു.
അതേസമയം വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജിക്ക് പിന്തുണയുമായി ചലച്ചിത്ര-നാടകനടന്‍ സന്തോഷ് കീഴാറ്റൂര്‍ എത്തിയിരിക്കയാണ്. സജനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വഴിയരികില്‍ ബിരിയാണി വില്‍ക്കാനൊരുങ്ങുകയാണ് സന്തോഷ്. നാളെ ഉച്ചയ്ക്ക് 12.30ന് ഇരുമ്പനത്താണ് സജനക്കൊപ്പം സന്തോഷ് ബിരിയാണി വില്‍ക്കാനെത്തുന്നത്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് ചിലര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിക്കാനും എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശമാണെന്ന് ഓര്‍മ്മിപ്പിക്കാനുമാണ് പരിപാടിയില്‍ പങ്കാളിയാകുന്നതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വില്‍പന. ബിരിയാണി വിറ്റ് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ച സജനയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതാണ്. വഴിയോരക്കച്ചവടം ചിലര്‍ മുടക്കിയതോടെ ഉണ്ടാക്കിയ ഭക്ഷണമെല്ലാം വീട്ടിലേക്ക് മടക്കികൊണ്ടുവരേണ്ടിവന്നു. കരഞ്ഞുതളര്‍ന്ന സജനയുടെ ലൈവ് വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് പിന്തുണയറിയിച്ചെത്തുന്നത്.