കമല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നടന്‍ ചിമ്പു നായകനാകുമെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്തകള്‍ ശരിവെച്ചുകൊണ്ട് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയിരിക്കുകയാണ്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമലും ആര്‍ മഹേന്ദ്രനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് 'എസ്ടിആര്‍ 48' എന്നാണ് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.
രാജ് കമല്‍ ഫിലിംസ് തന്നെയാണ് വീഡിയോ മുഖാന്തരം സിനിമയുടെ പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തിയത്. 'ബ്ലഡ് ആന്‍ഡ് ബാറ്റില്‍ 'എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഡെസിങ് പെരിയസ്വാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായ 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ആണ് ഡെസിങ് മുന്‍പ് സംവിധാനം ചെയ്ത ചിത്രം.
ചിത്രം വമ്പന്‍ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത് എന്ന റിപ്പോര്‍ട്ടുകളുണ്ട്. 100 കോടിയായിരിക്കും സിനിമയുടെ മുതല്‍മുടക്ക് എന്നാണ് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. ചിമ്പു ഡബിള്‍ റോളില്‍ ആണെന്നും അഭ്യൂഹങ്ങളുണ്ട്. ഈ പ്രൊജക്റ്റിന് വലിയ പ്രീപ്രൊഡക്ഷന്‍ സമയം ആവശ്യമായതിനാല്‍ ചിമ്പു വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയില്‍ ആദ്യം അഭിനയിക്കും എന്നും സൂചനകളുണ്ട്.