കഴിഞ്ഞ മാസമാണ് നടി ഷംനാ കാസിം വിവാഹിതയായത്. ഗള്‍ഫില്‍ ബിസിനസുകാരനായ ഷാനിദ് ബിന്‍ മുഹമ്മദിനെയാണ് ഷംനാ കാസിം വിവാഹം കഴിച്ചത്. ഏറെ ആഡംബരമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഒരു വലിയ താരസഗമം ആകേണ്ടിയിരുന്ന വിവാഹത്തില്‍ പങ്കെടുത്തതെല്ലാം ദുബായിലെ വലിയ ബിസിനസ് സ്ഥാപന ഉടമകളായിരുന്നു. അതിലൂടെയാണ് ഷാനിദ് എന്ന കോടീശ്വരനായ ബിസിനസുകാരനെകുറിച്ച് മലയാളികള്‍ അറിഞ്ഞത്.
ഇന്ന് ദുബായിലെ ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. എന്നാല്‍ അതിനു പിന്നില്‍ ഷാനിദിന്റെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും എല്ലാം കഥയുണ്ട്. ഏതൊരു സാധാരണക്കാരനെയും പോലെ വര്‍ഷങ്ങള്‍ക്കു മുമ്പ് ദുബായില്‍ ഒരു ജോലി അന്വേഷിച്ചാണ് മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി ഷാനിദ് മുഹമ്മദ് എന്ന ചെറുപ്പക്കാരനും ദുബായില്‍ എത്തിയത്. 1500 ദിര്‍ഹമായിരുന്നു ഇമിഗ്രേഷന്‍ ഓഫീസില്‍ ജോലിയ്ക്ക് കയറിയപ്പോള്‍ കിട്ടിയ ശമ്പളം. അതായത് ഇന്നത്തെ വില അനുസരിച്ച് 30,000 രൂപയോളം വരും. താമസം ലേബര്‍ ക്യാമ്പിലും. സൈക്കിളിലായിരുന്നു ജോലിയ്ക്ക് പോയിരുന്നത്. ആ ഓര്‍മ്മകളാണ് സത്യസന്ധനായ ബിസിനസുകാരനായി വളരാന്‍ ഷാനിദിനെ സഹായിക്കുന്നത്.
ഒരു രൂപയുടെ പോലും മൂലധനം ഇല്ലാതെയാണ് ഈ കമ്പനി ഷാനിദ് സ്വന്തമാക്കിയത്. സ്വയം വിജയിക്കുന്നതിനൊപ്പം മറ്റുള്ളവരെ തനിക്കൊപ്പം ചേര്‍ത്തുപിടിക്കാനും ഷാനിദ് ശ്രമിക്കുന്നുണ്ട്. ദുബായില്‍ ഇന്ന് ബിസിനസ് തുടങ്ങാന്‍ ആരംഭിക്കുന്നവര്‍ക്ക് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന സ്ഥാപനമാണ് ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ഷാനിദിന്റെ സ്ഥാപനം. അതിന്റെ അമരക്കാരനായി ഷാനിദ് ബിന്‍ മുഹമ്മദും തിളങ്ങിനില്‍ക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് മാത്രമാണ് ഈ കമ്പനി രൂപം കൊണ്ടത്. എന്നാല്‍ കാല്‍ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യം അവകാശപ്പെടാനുണ്ട് ഈ സ്ഥാപനത്തിന്. മറ്റൊരു പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി ജെബിഎസ് എന്ന പേരിലേക്ക് മാറ്റി ബിസിനസ് കൂടുതല്‍ വിപുലമാക്കുകയായിരുന്നു ഷാനിദ്.
ഇപ്പോള്‍ നിരവധി സ്ഥാപനങ്ങളായി വളര്‍ന്ന ഈ കമ്പനി ഒരു കുടക്കീഴില്‍ നിരവധി സേവനങ്ങളാണ് പ്രവാസി മലയാളികള്‍ക്ക് സമ്മാനിക്കുന്നത്. മാത്രമല്ല, യുഎഇയിലേക്ക് ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ വിസ നല്‍കിയ കമ്പനികളില്‍ ഒന്നായും ഷാനിദിന്റെ കമ്പനി മാറിക്കഴിഞ്ഞു. അതിനിടെയാണ് ഷംനാ കാസിമുമായി പരിചയപ്പെടുന്നതും അതു വിവാഹത്തിലേക്ക് എത്തുന്നതും എല്ലാം. വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതത്തോടെയുള്ള പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. കേരളത്തിലെ സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരുമായെല്ലാം മികച്ച സൗഹൃദമുള്ള ഒരു ബിസിനസ് മാന്‍ കൂടിയാണ് ഷാനിദ്. ഷാനിദിന്റെ ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ അതെല്ലാം വ്യക്തമാണ്.
കഴിഞ്ഞ വര്‍ഷത്തെ കൈരളി ടിവിയുടെ മികച്ച ബിസിനസ് മാനിനു സമ്മാനിക്കുന്ന എന്‍ആര്‍ഐ അവാര്‍ഡ് നേടിയത് ഷാനിദ് ആണ്. നടന്‍ മമ്മൂട്ടി, ഇടവേള ബാബു, ശ്വേതാ മേനോന്‍, സരയു തുടങ്ങി സിനിമാ രംഗത്തെ നരിവധി താരങ്ങളുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഷംനയുടെ ഭര്‍ത്താവ്. ഇത്തരത്തില്‍ സിനിമാ താരങ്ങളുമായുള്ള അടുത്ത പരിചയമാണ് ഷംനാ കാസിമിലേക്കും ഷാനിദിനെ എത്തിച്ചത്. സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ദുബായ് മലയാളികള്‍ക്കിടയിലും ഷാനിദ് വളരെ സജീവമാണ്. ദുബായ് സന്ദര്‍ശനത്തിന് എത്തിയ ഷംനയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വേണ്ടി ബന്ധപ്പെട്ട പരിചയം പിന്നീട് സൗഹൃദത്തിലേക്ക് എത്തുകയും അതു പ്രണയമായി വളരുകയും ആയിരുന്നു.
കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ക്കു മുന്നില്‍ ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നര്‍ത്തകി കൂടിയാണ് ഷംന.
തുടര്‍ന്ന് ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. പൂര്‍ണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സ്റ്റേജ് ഷോകളും അവാര്‍ഡ് നിശകളിലും സജീവ സാന്നിദ്ധ്യമാണ് ഷംന.