ലോകകപ്പ് ഫൈനല്‍ വേദിയായ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഫിഫ ലോകകപ്പ് ജേതാക്കള്‍ക്കുള്ള ട്രോഫി ബോളിവുഡ് താരം ദീപിക പദുക്കോണും മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസും ചേര്‍ന്ന് അനാവരണം ചെയ്തു.സമാപന ചടങ്ങില്‍ ഫിഫ ലോകകപ്പ് ട്രോഫി ബോളിവുഡ് താരം ദീപിക അനാവരണം ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പായാണ് ദീപിക പദുക്കോണും കാസില്ലസും ചേര്‍ന്ന് ലോകകപ്പ് ട്രോഫി വേദിയില്‍ അനാവരണം ചെയ്തത്. ഇതാദ്യമായാണ് ഫിഫ ലോകകപ്പ് വേദിയില്‍ ഇന്ത്യന്‍ താരത്തിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്.
ലോകകപ്പിന്റെ സമാപനത്തിന്റെ ഭാഗമായി മത്സരത്തിന് തൊട്ടുമുന്‍പായി സംഗീതവും നൃത്തവും കോര്‍ത്തിണക്കിയുള്ള പരിപാടികള്‍ ആരാധകരെ വിസ്മയിപ്പിച്ചു. ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനങ്ങളില്‍ ആലപിച്ച വിഖ്യാത ഗായകരും പ്രാദേശിക കലാകാരികളും ചേര്‍ന്നാണ് ആരാധകരുടെ മനസില്‍ അവിസ്മരണീയമായ അനുഭവം സമ്മാനിച്ചത്.
നടി ഖത്തറിലേക്ക് തിരിക്കാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴുള്ള വീഡിയോ വൈറലായിരുന്നു. ഫോട്ടോ പകര്‍ത്തുന്നതിനിടെ ഒരു പാപ്പരാസിയുടെ ചോദ്യത്തിന് താരം നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കൂടെ ഫോട്ടോയെടുത്ത് പങ്കുവയ്ക്കൂ എന്നായിരുന്നു പാപ്പരാസി പറഞ്ഞത്. ഇതിന് ആദ്യം പുഞ്ചിരിച്ച താരം 'പറയാം' എന്ന് മറുപടി നല്‍കുകയും ചെയ്തു.
ദീപികയും ഷാറൂഖ് ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ പത്താന്റെ പ്രമോഷന്‍ പരിപാടി ലോകകപ്പിന്റെ അവസാന ദിനമായ ഖത്തറില്‍ നടക്കും. ഷാരൂഖ് ഖാനും പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.കരണ്‍ ജോഹര്‍ നിര്‍മിച്ച ഗെഹരായിയാന്‍ എന്ന ചിത്രത്തിലാണ് ദീപിക പദുക്കോണ്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. അമിതാഭ് ബച്ചനൊപ്പം ഇംഗ്‌ളീഷ് ചിത്രമായ ദി ഇന്റേണിന്റെ ഹിന്ദി റീമേക്ക്, ഹൃതിക് റോഷനൊപ്പം ഫൈറ്റര്‍, പ്രഭാസിനൊപ്പം ബിഗ് ബജറ്റ് ചിത്രം എന്നിവയാണ് ദീപികയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമകള്‍