ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് മല്ലിക ഷെരാവത്ത്. പലപ്പോഴും, തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ താരം മടിക്കാറില്ല. ഇപ്പോള്‍, തനിക്ക് നേരിടേണ്ടിവന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മല്ലിക ഷെരാവത് തുറന്നു പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കാസ്റ്റിംഗ് കൗച്ചിന്റെ അസ്തിത്വം ബോളിവുഡിലെ തന്റെ കരിയറിനെ സ്വാധീനിച്ചതായി താരം പറയുന്നു. താന്‍ വിട്ടുവീഴ്ച ചെയ്യാത്തത് കാരണം എല്ലാ പ്രമുഖ താരങ്ങളും തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചതായി മല്ലിക ഷെരാവത് വെളിപ്പെടുത്തുന്നു.
''ഇത് വളരെ സിമ്പിള്‍ ആണ്. അവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കും എന്ന് തോന്നുന്ന നടിമാരെ അവര്‍ ഇഷ്ടപ്പെടുന്നു. അവരുടെ എടുത്ത് പല വിട്ടുവീഴ്ചകളും ചെയ്യും. നായകന്‍ വിളിച്ചിട്ട് മൂന്നു മണിക്ക് റൂമിലേക്ക് വരൂ എന്ന് പറഞ്ഞാല്‍, നിങ്ങള്‍ ചെന്നിരിക്കണം.
ഇല്ലെങ്കില്‍ നിങ്ങള്‍ ആ സിനിമയില്‍ നിന്നും പുറത്തു പോകും. പക്ഷേ എന്നെ അതിനു കിട്ടില്ല. കാരണം എന്റെ വ്യക്തിത്വം അങ്ങനെയല്ല.ആരുടെയെങ്കിലും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'' - മല്ലിക പറയുന്നു.
''ഞാന്‍ എനിക്ക് കഴിയുന്ന രീതിയില്‍ പരമാവധി ശ്രമിച്ചു. നല്ല വേഷങ്ങള്‍ കണ്ടെത്തുവാന്‍ ഒരുപാട് പരിശ്രമിച്ചു. എല്ലാവരും ചെയ്യുന്നതുപോലെ ഞാനും ചില തെറ്റുകള്‍ ചെയ്തിട്ടുണ്ട്.
ചില മികച്ച വേഷങ്ങള്‍ തിരഞ്ഞെടുത്തു. എന്നാല്‍ ചില തിരഞ്ഞെടുപ്പുകള്‍ ശരിയായില്ല. ഇത് ഒരു അഭിനേതാവിന്റെ കരിയറിലെ യാത്രയുടെ ഭാഗം മാത്രമാണ്. എന്നാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ അത് അതിശയകരം തന്നെയാണ്'' - മല്ലിക പറയുന്നു.