മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട പൈലറ്റ് ഡി.വി. സാഠെയെ അനുസ്മരിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. അതേ സമയം വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു ക്യാപ്റ്റന്‍ സാഠേ എന്ന് പൃഥ്വി സമൂഹമാധ്യമങ്ങളിലൂടെ കുറിക്കുകയും ചെയ്‌തു
'റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍(റിട്ട.)സാഠെ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍' എന്നാണ് പൃഥ്വിരാജ് സുകുമാരന്‍ ഇൻസ്റ്റാഗ്രാമിൽ ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്.
ദുരന്തത്തിന്റെ ആഴം കുറച്ചത് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെയുടെ പ്രവർത്തന മികവാണ്. ദുരന്തത്തെ തുടർന്ന് സഹപൈലറ്റ് അഖിലേഷ് കുമാറും മരണപ്പെട്ടിരുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇപ്പോൾ നൽകുന്ന വിശദീകരണം റൺവേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും 2 കഷണങ്ങളാവുകയും ചെയ്തു എന്നാണ്. അതേ സമയം മഴ പൈലറ്റിന്റെ കാഴ്ചയെ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് വൻ ദുരന്തമുണ്ടായതെന്ന സൂചനയും നിലനിൽക്കുന്നുണ്ട്.
ടേബിള്‍ ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. വിഷ്വല്‍ കണ്‍ട്രോളിങ്ങാണ് പൊതുവെ ഇത്തരം എയര്‍പോര്‍ട്ടുകളില്‍ പൈലറ്റുമാര്‍ അവലംബിക്കുന്നത്. മുന്നിലെ കാഴ്ച മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലാന്‍ഡിങ് സമയത്ത് പ്രതികൂല സാഹചര്യമായിരിക്കും ഉണ്ടാകുക.