ഉയരെ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തില്‍ ആരംഭിച്ചു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് അനീഷ് ഉപാസനായാണ്.
നവ്യാ നായര്‍ ,സൈജു കുറുപ്പ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഒരുത്തിയ്ക്ക് ശേഷം നവ്യയും സൈജുവും നായികാനായകന്മാരായി എത്തുന്ന ചിത്രമാണിത്.12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുത്തിയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ നവ്യാ നായരുടെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ജോണി ആന്റെണി ,കോട്ടയം നസീര്‍, നന്ദു, ജോര്‍ജ് കോര,പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കാറളം ഗ്രാമത്തിലെ പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം അവളുടെ ജീവിതത്തെ എന്നും വേട്ടയാടുന്നു. പിന്നീട് പി.ഡബ്‌ള്യൂ ഡി, സബ് കോണ്‍ട്രാക്‌റായ ഉണ്ണിയുമായുള്ള വിവാഹ ശേഷവും ആ സംഭവം ആവര്‍ത്തിക്കപ്പെടുന്നത് ആണ് ചിത്രത്തിന്റെ പ്രമേയം. കാറളം ഗ്രാമത്തില്‍ തന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണവും.
പ്രണയവും, നര്‍മ്മവും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായര്‍ ജാനകിയായി വരുമ്പോള്‍ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്.
പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച വിജയം കൈവരിച്ച ഉയരെ എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.ഛായാഗ്രഹണം- ശ്യാംരാജ്, സംഗീതം - കൈമാസ് മേനോന്‍, എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള,?പി.ആര്‍.ഒ -വാഴൂര്‍ ജോസ്.