മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. നടന്‍ ഉംറ വസ്ത്രം ധരിച്ച് പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഷാരൂഖിന്റെ ഫാന്‍ പേജുകളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളില്‍ ആളുകള്‍ അദ്ദേഹത്തെ വളഞ്ഞിരിക്കുന്നതായി കാണാം.
രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡങ്കി'യുടെ ഷൂട്ടിങ് പുനരാരംഭിക്കുന്നതിനായാണ് താരം സൗദിയിലെത്തിയത്. 'ഡങ്കി'യുടെ സൗദി അറേബ്യ ഷെഡ്യൂള്‍ ബുധനാഴ്ച പൂര്‍ത്തിയാക്കുമെന്ന് ഷാരൂഖ് ഖാന്‍ അറിയിച്ചു.
സൗദിയിലെ മനോഹരമായ ലൊക്കേഷനുകള്‍ക്കും ആതിഥ്യമര്യാദയ്ക്കും സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് നന്ദി അറിയിച്ചുകൊണ്ട് താരം ഈ അടുത്തിടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
ജിദ്ദയില്‍ നടക്കുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും നടന്‍ പങ്കെടുക്കും.ഷാരൂഖ്-കാജല്‍ ചിത്രം ദില്‍ വാലെ ദുല്‍ഹനിയ ലേ ജായേംഗേ ആണ് ചലചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം.
തപ്സി പന്നുവാണ് 'ഡങ്കി'യിലെ നായിക. ചിത്രം 2023 ല്‍ തീയറ്ററുകളില്‍ എത്തും. ജിയോ സ്റ്റുഡിയോ, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ബൊമന്‍ ഇറാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡങ്കിക്ക് പുറമെ, പത്താനും ജവാനും ആണ് എസ്ആര്‍കെയുടെ അണിയറയിലുളള മറ്റ് സിനിമകള്‍. പത്താന്‍ 2023 ജനുവരി 25 ന് തിയേറ്ററിലെത്തും.