സിനിമകളിലെ ഇന്റിമേറ്റ് സീനുകളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്തരം സീനുകളില്‍ അഭിനയിക്കുന്ന നടിമാര്‍ സൈബര്‍ ആക്രമണത്തിന് വിധേയമാകാറുമുണ്ട്. എന്നാല്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനേതാക്കള്‍ നേരിടേണ്ടിവരുന്ന പ്രൊഫണലും വ്യക്തിപരവുമായ വസ്തുതകളെക്കുറിച്ച് തുറന്ന് പറയുകയാണ് നടി സ്വാസിക.
പ്രണയിതാവിനെ ചുംബിക്കുന്നതുപോലെയല്ല ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ എന്നും ആ സമയം അഭിനേതാക്കളുടെ മനസിലൂടെ കടന്നുപോകുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നും സ്വാസിക പറയുന്നു. നടിയുടെ പുതിയ ചിത്രം 'ചതുരത്തി'ല്‍ റോഷന്‍ മാത്യുവുമായുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.
'ആളുകള്‍ ഇന്റിമേറ്റ് സീനുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍, മിക്കവര്‍ക്കും ഇത്തരം രംഗങ്ങള്‍ എങ്ങനെ ചിത്രീകരിച്ചുവെന്നും അഭിനേതാക്കളുടെ മനസില്‍ അപ്പോള്‍ എന്താണെന്നും ഒക്കെയുള്ള സംശയങ്ങള്‍ ഉണ്ടാകും. ഒരു ഇന്റിമേറ്റ് സീനില്‍ അഭിനയിക്കുമ്പോഴുള്ള അഭിനേതാക്കളുടെ ചിന്തകള്‍ പലതായിരിക്കും. അഭിനേതാക്കളുടെ ഭാവങ്ങളും ഡയലോഗുകളും ശ്രദ്ധിക്കേണ്ടതാണ്. ലൈറ്റ് നഷ്ടപ്പെടാതെ, കോ സ്റ്റാറിനെ തടയാതെ അഭിനയിക്കണം, സീനുകള്‍ ചിത്രീകരിക്കുന്നതിനായി ഛായാഗ്രാഹകന്‍ നിര്‍ദേശിക്കുന്ന സ്ഥാനം നിലനിര്‍ത്തണം, നില്‍ക്കുന്ന ദിശ പോലും ശ്രദ്ധിക്കണം, ഇങ്ങനെയുള്ള കാര്യങ്ങളായിരിക്കും അഭിനേതാവിന്റെ മനസിലൂടെ കടന്നുപോകുന്നത്.
നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ ചുംബിക്കുന്നത് പോലെയല്ല ഇത്. ഒരു ഇന്റിമേറ്റ് സീന്‍ ചിത്രീകരിക്കാന്‍ ക്യാമറ ട്രിക്ക് ഇല്ല എന്നത് ശരിയാണ്, എന്നാല്‍ അഭിനേതാക്കള്‍ക്കിടയില്‍ അത്തരം വികാരങ്ങളൊന്നും തന്നെ ഉണ്ടാവില്ല' സ്വാസിക വ്യക്തമാക്കി. ടീസറിലുള്ള ഇന്റിമേറ്റ് സീനുകള്‍ അനാവശ്യമായി ചേര്‍ത്തതല്ല, അതിന് ഒരു കൃത്യമായ ലക്ഷ്യമുണ്ടെന്നും സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും സ്വാസിക പറഞ്ഞു.
മറ്റേത് സീനുകളും ചിത്രീകരിക്കുന്നത് പോലെ ഇത്തരം സീനുകള്‍ക്കും10, 20 ആളുകള്‍ ചുറ്റുമുണ്ടാകും. സംവിധായകന്‍, ഛായാഗ്രാഹകന്‍, ക്യാമറ ഓപ്പറേറ്റര്‍മാര്‍, മേക്കപ്പ് മാന്‍, ലൈറ്റ് ബോയ്‌സ്, തുടങ്ങി നിരവധി പേരുടെ സാന്നിധ്യത്തിലാകും ഇന്റിമേറ്റ് സീനുകള്‍ ചിത്രീകരിക്കുക' നടി കൂട്ടിച്ചേര്‍ത്തു.
'ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്ന സ്ത്രീകളെ വിലക്കുക എന്നത് ഇപ്പോള്‍ മാറി വരുന്നുണ്ട്. അവളുടെ രാവുകള്‍ (1978), രതിനിര്‍വേദം (1978) എന്നീ സിനിമകള്‍ റിലീസ് ചെയ്ത കാലത്തെ അപേക്ഷിച്ച് ആളുകള്‍ കൂടുതല്‍ ഇങ്ങനെയുള്ള സിനിമകളെയും സീനുകളെയും സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ നമുക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. 80 ശതമാനം പ്രേക്ഷകരും അതിനെ അഭിനന്ദിക്കുമ്പോള്‍ ഒരു ചെറിയ വിഭാഗം ഇപ്പോഴും പിന്‍ വലിയുന്നു എന്നത് ഖേദകരമാണ്.
പുരുഷന്മാര്‍ ഇത് ചെയ്യുമ്പോള്‍ ആഘോഷിക്കപ്പെടുകയും സ്ത്രീകള്‍ക്ക് തിരിച്ചടി ലഭിക്കുകയും ചെയ്യുന്നതിന്റെ ഇരട്ടത്താപ്പ് പിന്തിരിപ്പന്‍ ആണ്. ഇത് ഇന്റിമേറ്റ് രംഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല. പുകവലിയോ മദ്യപാനമോ ഉള്‍പ്പെടുന്ന രംഗങ്ങള്‍ക്കും ബാധകമാണ്. പെട്ടെന്ന് ഇതിലൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കില്ല. എന്നാല്‍ എനിക്ക് പ്രതീക്ഷയുണ്ട്'. സ്വാസിക വ്യക്തമാക്കി.