എല്ലാ തൊഴില്‍ മേഖലകളിലെന്നതുപോലെ സിനിമയും വന്‍ പ്രതിസന്ധിയാണ് കോവിഡ് കാരണം നേരിടുന്നത്. ഷൂട്ടിങ്ങുകളെല്ലാം 6 മാസമായി മുടങ്ങിയിരിക്കയാണ്. ചില ചിത്രങ്ങളുടെ ഷൂട്ടിങ്ങുകളും ആരംഭിച്ചെങ്കിലും കടുത്ത നിയന്ത്രണത്തിലാണ് ഇവയെല്ലാം. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെ രണ്ട് പ്രമുഖ നടന്മാര്‍ കോവിഡ് കാലത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട വാര്‍ത്ത ഇന്നലെയാണ് എത്തിയത്. സൂപ്പര്‍താരം മോഹന്‍ലാല്‍ പോലും പ്രതിഫലം കുറച്ചപ്പോഴാണ് മറ്റു ചില താരങ്ങള്‍ പ്രതിഫലത്തുക ഉയര്‍ത്തിയത്. 75 ലക്ഷം വാങ്ങിയിരുന്ന നടന്‍ ഒരു കോടിയും 45 ലക്ഷം വാങ്ങിയിരുന്ന നടന്‍ 50 ലക്ഷവുമാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് രണ്ട് ചിത്രങ്ങളുടേയും നിര്‍മാതാക്കള്‍ക്ക് കത്ത് അയക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.
ഇപ്പോള്‍ ഈ നടന്‍മാര്‍ ടൊവിനോ തോമസും ജോജു ജോര്‍ജ്ജും ആണെന്നാണ് വ്യക്തമാകുന്നത്. പ്രതിഫലം കൂട്ടിയതിനെതുടര്‍ന്ന് ഇവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസൂത്രണം ചെയ്ത രണ്ട് സിനിമകളുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിട്ടുവീഴ്ചയ്ക്ക് ഇരുനടന്‍മാരും തയ്യാറായത്. നടന്മാരുടെ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പരിഹാരമായതായി പ്രൊഡ്യൂസേര്‍സ് അസോസിയേഷനാണ് അറിയിച്ചത്. ജോജു ജോര്‍ജ്ജ് പ്രതിഫലം കുറച്ചതായും, ടൊവിനോ തോമസ് സിനിമ പുറത്തിറങ്ങിയ ശേഷമേ പ്രതിഫലം സ്വീകരിക്കൂ എന്ന് തീരുമാനിച്ചിരുന്നതായും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് മാധ്യമങ്ങളെ അറിയിച്ചു.
ജോജു ജോര്‍ജ് പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി കുറച്ചു. ടൊവിനോ തന്റെ പ്രതിഫലം കുറച്ചതായും പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്നും അറിയിച്ചു. സിനിമ വിജയിച്ച് ലാഭം കിട്ടിയാല്‍ പ്രൊഡ്യൂസര്‍ നല്‍കുകയാണെങ്കില്‍ മാത്രം പ്രതിഫലം മതി എന്നാണ് ടൊവിനോയുടെ നിലപാട്. കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിക്കുമെന്നും ടൊവിനോ പറഞ്ഞതായും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
ഷംസുദ്ദീന്‍ നിര്‍മിച്ച് മനു അശോകന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം കാണെക്കാണെ, അബാം നിര്‍മിക്കുന്ന ജോജു ജോര്‍ജ് ചിത്രം എന്നിവയെച്ചൊല്ലിയായിരുന്നു തര്‍ക്കം. കോവിഡ് സാഹചര്യത്തില്‍ നേരത്തെ തന്നെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നതായി നിര്‍മാതാക്കള്‍ അറിയിച്ചു. ഈ വിഷയം അമ്മ സംഘടനയുമായും ചര്‍ച്ച ചെയ്യുകയുണ്ടായി. ആ തീരുമാനത്തിനെതിരായ ഒരു സാഹചര്യം വന്നപ്പോളാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ ഇടപെട്ടതെന്നും ആന്റോ ജോസഫ് പറഞ്ഞു.