ജഗതി ശ്രീകുമാര്‍ പ്രൊഫ.അമ്പിളിയായി ഞെട്ടിക്കുമെന്ന സൂചന നല്‍കി 'വല' ഫസ്റ്റ് സ്പെഷ്യല്‍ വിഡിയോ പുറത്ത്. വാഹനാപകടത്തില്‍ ഗുരതരമായ പരിക്കേറ്റതിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. 'ഗഗനചാരി'ക്ക് ശേഷം അരുണ്‍ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുന്നതെന്നാണ് വിഡിയോയില്‍ വ്യക്തമാകുന്നത്.
4.33 മിനിറ്റു ദൈര്‍ഘ്യമുള്ള 'വല ദി ഇന്‍ട്രോ' വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.പതിനഞ്ച് വര്‍ഷം മുമ്പുണ്ടായ അപകടത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്നതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. 2022ല്‍ പുറത്തിറങ്ങിയ 'സിബിഐ 5- ദി ബ്രെയ്ന്‍' എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ ജഗതി പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രൊഫസര്‍ അമ്പിളി അഥവാ അങ്കില്‍ ലൂണ.ആര്‍ എന്ന കഥാപാത്രമായാണ് ജഗതി ചിത്രത്തിലെത്തുന്നത്. ബേസില്‍ ജോസഫ്, ഗോകുല്‍ സുരേഷ്, വിനീത് ശ്രീനിവാസന്‍, അനാര്‍ക്കലി, അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍, മാധവ് സുരേഷ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അരുണ്‍ ചിന്തുവും ടെയ്‌ലര്‍ ഡര്‍ഡനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അണ്ടര്‍ഡോഗ്സ് എന്റര്‍ടെയ്ന്‍മെന്റ്സാണ്. ലെറ്റേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സാണ് സഹനിര്‍മ്മാണം. ഛായാഗ്രഹണം സുര്‍ജിത് എസ്. പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിങ് സി.ജെ അച്ചു എന്നിവര്‍ നിര്‍വഹിക്കുന്നു.