വിജയ് ദേവരക്കൊണ്ട പൊതു വേദികളില്‍ എത്തുന്ന ലുക്ക് ഈയിടെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. പ്രൊമോഷന്‍ പരിപാടികള്‍ക്കായി സ്ലിപ്പര്‍ ധരിച്ച് എത്തുന്ന താരത്തെ ആരാധകര്‍ അത്ഭുതത്തോടെയാണ് കാണുന്നത്. വരാനിരിക്കുന്ന ചിത്രം 'ലൈഗറി'ന്റെ പ്രൊമോഷനിടെ എന്തുകൊണ്ടാണ് സ്ലിപ്പര്‍ ധരിച്ചെത്തുന്നതെന്ന് പറയുകയാണ് നടന്‍.
പ്രൊമോഷന്‍ പരിപാടിക്കെത്തുന്ന താരം എല്ലാ തരം വസ്ത്രങ്ങളോടുമൊപ്പം സാധാരണ ചെപ്പലുകളാണ് ധരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി ആരാധകര്‍ താരത്തോട് കാരണം തിരക്കുകയും ചെയ്തു. മാസത്തില്‍ മുപ്പത് ദിവസവും പ്രൊമോഷന്‍ വര്‍ക്കുകളുണ്ട്. എല്ലാ ദിവസവും ഓരോ വസ്ത്രത്തിനും ചെരിപ്പിനുമായി അന്വേഷിച്ച് നടക്കുന്നത് സയമം ഏറെ കളയുന്ന ഒന്നാണ്. അതിനാല്‍ ഒരു ചെപ്പല്‍ വാങ്ങി. ഇത് തന്റെ ജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കിയെന്നുമാണ് താരത്തിന്റെ മറുപടി.
എല്ലാ തരം വസ്ത്രങ്ങളും ധരിക്കാന്‍ ഇഷ്ടമുള്ളയാളാണെന്നും മനസ് പറയുന്നതിനനുസരിച്ച് എന്തും ധരിക്കുമെന്നും താരം പറഞ്ഞു. 199 രൂപയുടെ ചെരിപ്പാണ് താരം ധരിക്കുന്നതെന്ന് സ്‌റ്റൈലിസ്റ്റ് ഹര്‍മാന്‍ കൗര്‍ വെളിപ്പെടുത്തി.
വിജയ് ദേവരകൊണ്ടയും ബോളിവുഡ് നടി അനന്യ പാണ്ഡെയും ഒന്നിക്കുന്ന ലൈഗര്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കിലാണ് താരങ്ങള്‍ ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകര്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്ത സ്‌പോര്‍ട്ട്സ് ചിത്രമായ ലൈഗറില്‍ വിക്കുള്ള ബോക്സിംഗ് താരമായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.
അനന്യ പാണ്ഡെ, രമ്യ കൃഷ്ണ, റോണിത് റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കരണ്‍ ജോഹര്‍, പുരി ജഗന്നാഥ്, ചര്‍മെ കൗര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ഇതിനു മുന്‍പും വ്യത്യസ്തമായ വേഷവിധാനത്തിലൂടെ താരം സിനിമ പ്രൊമോഷന്‍ ചടങ്ങുകളിലും അല്ലാതെയും എത്തിയിട്ടുണ്ട്. അതിലൊന്നായിരുന്നു വിജയ് ലുങ്കി ലുക്കില്‍ എത്തിയത്. 'വേള്‍ഡ് ഫേമസ് ലവര്‍' എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിനെ ഓര്‍മിപ്പിക്കും വിധമായിരുന്നു താരം അന്ന് എത്തിയത്. ഷര്‍ട്ടും കൈലിയും തലയില്‍ തോര്‍ത്തും കെട്ടിയാണ് വിജയ് അന്ന് ചടങ്ങിലെത്തിയത്. താരത്തിന്റെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.