മറ്റൊരു മോഹന്‍ലാല്‍ റീ റിലീസ് ചിത്രം കൂടി തിയറ്ററുകളില്‍ ഇപ്പോള്‍ തരംഗം തീര്‍ക്കുകയാണ്. 2001ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രാവണപ്രഭുവിന്റെ റി റിലീസിംഗ് ആഘോഷമാക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ തകര്‍പ്പന്‍ ഗാനങ്ങള്‍ക്കും മാസ്സ് ഡയലോഗുകള്‍ക്കും കയ്യടിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ആരാധകരുടെ വീഡിയോകളാണ് സോഷ്യല്‍ മീഡിയ നിറയുകയാണ്.24 വര്‍ഷങ്ങള്‍ക്ക് ശേഷം മംഗലശ്ശേരി നീലകണ്ഠനും കാര്‍ത്തികേയനും ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തുമ്പോള്‍ മലയാള സിനിമാ ആരാധകര്‍ തിരയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. 'കാര്‍ത്തികേയന്റെ ജാനകി', ചിത്രത്തിലെ നായിക വസുന്ധര ദാസ് ഇന്നെവിടെയാണ്? രാവണപ്രഭു റീ റിലീസ് ചെയ്യുന്ന സന്തോഷം പങ്കുവച്ച് നടിയും ഗായികയുമായ വസുന്ധര ദാസ് നേരത്തെ രംഗത്തെത്തിയിരുന്നു. 'എല്ലാവരും രാവണപ്രഭു കാണണം, സവാരി ഗിരി ഗിരി' എന്നു പറഞ്ഞുകൊണ്ടാണ് വസുന്ധര ഇന്‍സ്റ്റഗ്രാമില്‍ സന്തോഷം പങ്കുവച്ചത്.
രാവണപ്രഭുവിലൂടെ കഴിഞ്ഞ 24 വര്‍ഷമായി കേരളത്തിലെയും മറ്റു ഭാഗങ്ങളിലെയും മലയാളികളുടെ സ്‌നേഹം താന്‍ അനുഭവിച്ചറിയുന്നതാണെന്നും റീ-റിലീസിന് മുന്നോടിയായി മാറ്റിനി നൗവിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ മനസ്സു തുറന്നു. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ച സ്നേഹവും അംഗീകാരവും വലിയ നേട്ടമാണെന്നും, രാവണപ്രഭു റിലീസ് ചെയ്തിട്ട് 24 വര്‍ഷമായി എന്നത് തനിക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും വസുന്ധര ദാസ് പറയുന്നു.
'രാവണപ്രഭുവിന് മുമ്പ് സിറ്റിസണ്‍ എന്ന സിനിമയിലാണ് ഞാന്‍ അഭിനയിച്ചത്. അതിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് ശരിക്കും മടുത്തിരുന്നു. ഇനി അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. അപ്പോഴാണ് രഞ്ജിത്ത് വന്ന് രാവണപ്രഭുവിന്റെ കഥ പറയുന്നത്. ജാനകി എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത് എത്ര ശ്രദ്ധിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ജാനകി എന്ന കഥാപാത്രം എനിക്ക് ഇഷ്ടമായി. എന്നാല്‍ എന്നെവച്ച് സിനിമ ചെയ്യരുതെന്ന് പലരും രഞ്ജിത്തിനോട് പറഞ്ഞിരുന്നു. പിന്നീടാണ് അദ്ദേഹം അക്കാര്യം എന്നോട് പറയുന്നത്.
ഞാന്‍ സ്വതന്ത്ര ചിന്താഗതിക്കാരിയും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നവളുണാണെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. പലരും വേണ്ടെന്നും പറഞ്ഞിട്ടും എന്നെ അഭിനയിപ്പിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നിന്ന രഞ്ജിത്തിനോട് നന്ദിയുണ്ട് എനിക്ക്. രാവണപ്രഭു റിലീസ് ചെയ്തിട്ട് 24 വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ച സ്നേഹവും അംഗീകാരവും വലിയ നേട്ടമാണ്. ഇന്നും എവിടെപ്പോയാലും ആരെങ്കിലും അടുത്ത് വന്ന് വസുന്ധര ദാസ് അല്ലേ, ഞാന്‍ മലയാളിയാണെന്ന് പറയും. അതിന്റെ അര്‍ത്ഥം മറ്റാര്‍ക്കും മനസിലായില്ലെങ്കിലും എനിക്ക് അറിയാം വസുന്ധര ദാസ് പറഞ്ഞു.
ഗായികയാകാന്‍ വന്ന് അപ്രതീക്ഷിതമായി നായികയായതാണ് വസുന്ധര ദാസ്. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം വജ്രം എന്ന ചിത്രത്തില്‍ കൂടി അഭിനയിച്ചിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം തമിഴില്‍ കമല്‍ ഹാസന്റെ ഹെയ് റാം, അജിതിന്റെ സിറ്റിസണ്‍, മീര നായരുടെ മണ്‍സൂണ്‍ വെഡ്ഡിംഗ് പോലുളള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തേക്കാള്‍ വസുന്ധര തിളങ്ങിയത് പിന്നണി ഗാന രംഗത്ത് തന്നെയാണ്. പ്രമുഖരായ നിരവധി സംഗീത സംവിധായകര്‍ക്ക് വേണ്ടി വസുന്ധര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
എആര്‍ റഹ്മാന്റെ സംഗീതത്തില്‍ ഷക്കലക്ക ബേബി (മുതല്‍വന്‍), അയ്യോ പത്തിക്കിച്ച് (റിഥം), ഓരെ ചോരീ (ലഗാന്‍), സരിഗമെ (ബോയ്സ്) എന്നീ ഗാനങ്ങളും, ദേവയുടെ സംഗീതത്തില്‍ കട്ടിപ്പുടി കട്ടിപ്പുടി ഡാ (ഖുശി), ഹാരിസ് ജയരാജിന്റെ സംഗീതത്തില്‍ കണ്ണും കണ്ണും നോക്കിയാ (അന്യന്‍), ശങ്കര്‍ എഹ്സാന്‍ ലോയിയുടെ സംഗീതത്തില്‍ ഇറ്റ്സ് ദ ടൈം ടു ഡിസ്‌കോ( കല്‍ ഹോ നഹോ), വേര്‍സ് ദ പാര്‍ട്ടി ടുനൈറ്റ് (കഭി അല്‍വിദ നാ കെഹ്ന) അടക്കം നിരവധി ഹിറ്റ് ഗാനങ്ങള്‍ വസുന്ധരയുടേതായിട്ടുണ്ട്.
പത്ത് വര്‍ഷത്തിലധികമായി സിനിമാഭിനയ രംഗത്ത് വസുന്ധര സജീവമല്ല. എന്നാല്‍ സംഗീത ലോകത്ത് അവര്‍ തിരക്കിലാണ്. തന്റെ ബാന്റിനും വ്യത്യസ്ത സംഗീതജ്ഞര്‍ക്കുമൊപ്പം താന്‍ തിരക്കിലാണെന്ന് മാറ്റിനി നൗവിന് നല്‍കിയ അഭിമുഖത്തില്‍ വസുന്ധര പറയുന്നു. ലോകമെമ്പാടും വസുന്ധര സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. വിവിധ സംഗീത ശാഖകള്‍ പരീക്ഷിക്കുകയാണ് ഇപ്പോള്‍ താനെന്നും നേരത്തെ അതിനുളള സമയം കിട്ടിയിരുന്നില്ലെന്നും വസുന്ധര പറയുന്നു. ഡ്രമ്മര്‍ റോബര്‍ട്ടോ നരൈന്‍ ആണ് വസുന്ധരയുടെ ജീവിത പങ്കാളി. റോബര്‍ട്ടോയുമൊത്ത് 2006ല്‍ ഡ്രംജാം എന്ന പേരിലുളള സംഘടനയ്ക്ക് വസുന്ധര രൂപം കൊടുത്തു. സംഗീതത്തിന്റെ സഹായത്തോടെയുളള കോര്‍പറേറ്റ് ട്രെയിനിംഗ് ആണ് ഡ്രംജാം ചെയ്യുന്നത്. മാത്രമല്ല വിവിധ മേഖലകളിലുളള വ്യത്യസ്തരായ ആളുകള്‍ക്ക് സംഗീതം ഉപയോഗിച്ച് കൊണ്ടുളള സമാന സഹായങ്ങള്‍ എത്തിക്കാനായി ഒരു ഫൗണ്ടേഷനും ഇരുവരും ചേര്‍ന്ന് രൂപം കൊടുത്തിട്ടുണ്ട്. താന്‍ ഗായിക, നാഗരചയിതാവ്, സംഗീത സംവിധായിക എന്നതിലുപരി സംഗീതത്തെ ആശയസംവേദനത്തിനും നേതൃത്വത്തിനും സെല്‍ഫ് ഹീലിംഗിനും അടക്കമുളള ചാലകമായി ഉപയോഗിക്കുക കൂടിയാണെന്നും വസുന്ധര ദാസ് പറയുന്നു.