തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വിജയ് ദേവരകൊണ്ടയുടെ പുതിയ സിനിമയ്ക്ക് ഹൈദരാബാദില്‍ തുടക്കം. താല്‍ക്കാലികമായി വിഡി59 എന്ന പേരിലാണ് ചിത്രം ഇപ്പോള്‍ അറിയപ്പെടുന്നത്. 'രാജാ വാരു റാണി ഗാരു' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രവി കിരണ്‍ കോലയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികളുടെ പ്രിയതാരം കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ഈ പാന്‍ ഇന്ത്യന്‍ പ്രോജക്ട് അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുക.
ദില്‍ രാജുവിന്റെയും ശിരീഷിന്റെയും ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഫാമിലി സ്റ്റാര് കഴിഞ്ഞ് വിജയ് ദേവരകൊണ്ടയും ദില്‍ രാജുവും വീണ്ടും ഒന്നിക്കുന്നതാണ് ഈ പ്രോജക്ട്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ഡ്രാമയായിരിക്കും ചിത്രം, അതിനാല്‍ തന്നെ ഇതാദ്യമായാണ് വിജയ് ഇത്തരമൊരു ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഭീഷ്മപര്‍വം, ഹെലന്‍, പൂക്കാലം, ബോഗൈന്‍വില്ല, ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. രവി കിരണ്‍ കോലയ്ക്ക് ഇത് രണ്ടാമത്തെ സംവിധാന ശ്രമമാണ്. ചിത്രത്തിന്റെ കഥ, കഥാപാത്രങ്ങള്‍ എന്നിവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.