പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകന്‍ അറസ്റ്റിലായെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. നടിയുടെ മുന്‍ കാമുകനും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗ് ആണ് അറസ്റ്റിലായത്.. തന്നെ വഞ്ചിച്ചു എന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നല്‍കിയ പരാതിയിലാണ് ഭവ്‌നിന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭവ്‌നിന്ദര്‍ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിച്ചു എന്ന് അമല പോള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിന് മുമ്പും ഗായകനെതിരെ നടി ചെന്നൈ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. 2020 ലാണ് മാനനഷ്ടത്തിന് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 2018 ല്‍ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ഭവ്നിന്ദറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
2014ല്‍ സംവിധായകന്‍ എഎല്‍ വിജയ്യെ വിവാഹം കഴിച്ച അമല 2017ല്‍ വിവാഹമോചിത ആയിരുന്നു. ഇതിനു ശേഷമാണ് ഭവ്‌നിന്ദറുമായി പ്രണയത്തിലാവുന്നതെന്നാണ് റിപ്പോര്‍ട്ട്.2018-ല്‍ അമലയും ഭവ്‌നിന്ദറും ചേര്‍ന്ന് ഒരു പ്രൊഡക്ഷന്‍ കമ്പനി രൂപീകരിച്ചിരുന്നു. ഇതിനുശേഷം ഓറോവില്ലിനടുത്തുള്ള പെരിയമുതലിയാര്‍ ചാവടിയിലേക്ക് താമസം മാറിയെന്നും പോലീസ് പറഞ്ഞു. കുറച്ചുകാലങ്ങള്‍ക്കു ശേഷം ഇവര്‍ പിരിയുകയും ചെയ്തു. ഈ നിര്‍മാണ കമ്പനിയുടെ ബാനറിലാണ് നടി തന്റെ ഏറ്റവും പുതിയ ചിത്രമായ 'കഡാവര്‍' നിര്‍മിച്ചത്.
ഇതിലുള്ള വൈരാഗ്യത്തില്‍ അമലയെ വ്യാജരേഖ ചമച്ച് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് പ്രതി ചെയ്തതെന്ന് പോലീസ് പറയുന്നു. അമലയുടെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് വില്ലുപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്..
എന്നാല്‍ തന്റെ ഫണ്ടുകളും സ്വത്തുക്കളും ദുരുപയോഗം ചെയ്തതിലൂടെ ഭവ്നിന്ദര്‍ തന്നെ മാനസികവും സാമ്പത്തികവുമായി സമ്മര്‍ദ്ദത്തിലാക്കിയെന്ന് അമല പോള്‍ പറയുന്നു. ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തി എന്നും നടി ആരോപിച്ചു.
2020 മാര്‍ച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം ഭവ്‌നിന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അമല വിവാഹിതയായെന്ന വാര്‍ത്ത പരന്നതോടെ അവ ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളാണെന്ന് നടി വ്യക്തമാക്കി. തൊട്ടുപിന്നാലെ ഭവ്‌നിന്ദര്‍ അവ നീക്കം ചെയ്തു. ചിത്രങ്ങള്‍ പിന്‍വലിച്ചെങ്കിലും വിവാഹചിത്രമെന്ന തരത്തില്‍ നിരവധി പേരാണ് അത് ഷെയര്‍ ചെയ്തത്.
അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത് 'അതോ അന്ത പറവൈ പോല' ആണ്. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്. അമലയുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അപായത്തില്‍ നിന്ന് രക്ഷപെടുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയം. സംഗീതം ജേക്സ് ബിജോയ്.