തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവം ആയിരുന്നു നടന്‍ പുനീത് രാജ്കുമാറിന്റെ മരണം. 2021 ഒക്ടോബര്‍ 29 നാണ് കന്നഡയിലെ സൂപ്പര്‍ സ്റ്റാര്‍ മരണമടഞ്ഞത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഇപ്പോഴിതാ പുനീതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാവന. ജാക്കി എന്ന കന്നഡ സിനിമയില്‍ ഉള്‍പ്പെടെ ഭാവനയും പുനീതും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
കന്നഡയില്‍ പുനീതിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ അരങ്ങേറ്റം.
പുനീതിന്റെ മരണം തനിക്ക് വലിയ ഷോക്കായിരുന്നെന്നും മരിക്കുന്നതിന്റെ രണ്ട് ദിവസം മുന്‍പ് പോലും അദ്ദേഹത്തിനൊപ്പം താനുണ്ടായിരുന്നെന്നും ഭാവന പറഞ്ഞു.
ഒപ്പം പുനീതിനൊപ്പം ഇറ്റലിയില്‍ ഒരു സിനിമയുടെ ഷൂട്ടിനായി പോയപ്പോഴുണ്ടായ അനുഭവവും ഫ്ളവേഴ്സ് ഒരുകോടി പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേ ഭാവന പറഞ്ഞു.
പുനീതിനൊപ്പം ഞാന്‍ മൂന്ന് സിനിമ ചെയ്തിട്ടുണ്ട്. പുനീതിനൊപ്പമാണെങ്കിലും ശിവണ്ണ(ശിവരാജ് കുമാര്‍, പുനീതിന്റെ സഹോദരന്‍)യ്ക്കൊപ്പമാണെങ്കിലും ഫാമിലിയായൊരു കണക്ഷന്‍ വരുന്നതുപോലെയാണ് അവിടെ. ഒരു ഫാമിലിയിലേക്ക് വരുന്നതുപോലെയാണ് അവര്‍ ട്രീറ്റ് ചെയ്യുക.
കന്നഡയിലെ എന്റെ ആദ്യ സിനിമയായ ജാക്കിയുടെ കഥ കേട്ടപ്പോള്‍ ഇഷ്ടമായി. പുനീതാണ് നായകന്‍. അദ്ദേഹം അവിടുത്തെ സൂപ്പര്‍സ്റ്റാറാണ്. എന്നിട്ടും അദ്ദേഹം എല്ലാ ദിവസവും രാവിലെ സെറ്റില്‍ വന്നാല്‍ നമ്മള്‍ കംഫര്‍ട്ടബിളാണോ ഓക്കെയാണോ എന്നൊക്ക നോക്കും.
ജാക്കിയുടെ ഷൂട്ടിന് വേണ്ടി ഞങ്ങള്‍ ഇറ്റലിയിലും നമീബിയയിലുമൊക്കെ പോയിരുന്നു. എന്റെ അമ്മ വെജിറ്റേറിയനാണ്. അതുകൊണ്ട് തന്നെ പുറത്തൊക്കെ പോയി കഴിഞ്ഞാല്‍ അമ്മയ്ക്ക് വെജിറ്റേറിയന്‍ ഭക്ഷണം കിട്ടാന്‍ ബുദ്ധിമുട്ടാണ്. പല സ്ഥലത്തും വെജിറ്റേറിയന്‍ എന്ന് പറഞ്ഞാല്‍ വരുന്നതില്‍ മുട്ടയൊക്കെ കാണും. പുനീതിന് ഇതറിയാവുന്നത് കൊണ്ട് രാവിലെ വന്നാല്‍ ആന്റി, എല്ലാം ഓക്കെ അല്ലെയെന്ന് ചോദിക്കും. അവരില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും നടി പറയുന്നു.
നമീബിയയില്‍ നിന്ന് ഞങ്ങള്‍ തിരിച്ച് ബാംഗ്ലൂരിലേക്കുള്ള ഒന്നിച്ചുള്ള യാത്രാനുഭവത്തെക്കുറിച്ചും നടി വേദിയില്‍ പങ്ക് വച്ചു.ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ദുബായ്, ദുബായില്‍ നിന്ന് ബാംഗ്ലൂര്‍ അങ്ങനെ ആണ് കണക്ഷന്‍. ദുബായില്‍ നമ്മള്‍ ഇമിഗ്രേഷന്‍ ലൈനില്‍ നില്‍ക്കുകയായിരുന്നു. പെട്ടന്ന് നോക്കുമ്പോള്‍ പുനീതും ഓഫീസറും ആയി ചെറിയൊരു വഴക്ക്. പുനീതിന്റെ കൈയില്‍ കുറച്ച് ഡോളറുകള്‍ ഉണ്ട്'
'അത് കൊണ്ട് പോവാന്‍ സമ്മതിക്കില്ലെന്ന് ഓഫീസര്‍ പറയുന്നു. പുനീത് പറയുന്നു എന്റെ പൈസ ആണ് ഞാന്‍ കൊണ്ടു പോവുമെന്ന്. പരിചയമില്ലാത്തത് പോലെ മെല്ലെ മാറാം എന്ന് കരുതി. ഈ ഫ്‌ലൈറ്റില്‍ നിങ്ങള്‍ കയറില്ലെന്ന് ഓഫീസര്‍ പറഞ്ഞു. പുനീത് പറയുന്ന കൗണ്ടര്‍, ഓക്കെ കയറേണ്ട, പക്ഷെ ഈ ഫ്‌ലൈറ്റ് ഇന്ത്യയില്‍ ലാന്റ് ചെയ്യില്ല എന്നാണ്. വളരെ സിംപിള്‍ ആയാണ് പറയുന്നത്. അപ്പോള്‍ ഞാന്‍ മെല്ലെ ആ ലൈനിലേക്ക് തന്നെ വന്നു'അപ്പോഴേക്കും അറിയുന്ന ഓഫീസര്‍മാരൊക്കെ വന്നു. പ്രശ്‌നം പരിഹരിക്കുകയായരുന്നുവെന്നും നടി പറയുന്നു.
പുനീത് മരിക്കുന്നതിന്റെ തലേന്നതിന്റെ തലേ ദിവസം ഞങ്ങളൊക്കെ ഒന്നിച്ചായിരുന്നു. പുനീതിന്റെ ബ്രദറിന്റെ കൂടെ ചെയ്ത പടത്തിന്റെ ലോഞ്ച് ആയിരുന്നു. ഞങ്ങളൊക്കെ ഒരുമിച്ചിട്ടുണ്ടായിരുന്നു. ഭയങ്കര ഷോക്കിംഗ് ആയിരുന്നു മരണം. ഫേക്ക് ന്യൂസാണെന്ന് വിചാരിച്ചിരുന്നു.'ഞങ്ങള്‍ ഒരു ജിമ്മിലായിരുന്നു വര്‍ക്കൗട്ട് ചെയ്തിരുന്നത്. അപ്പോഴൊക്കെ പറയും വീട്ടിലേക്ക് നവീനെയും കൊണ്ട് വാ, നമുക്ക് ഡിന്നര്‍ കഴിക്കാമെന്ന്. മരിക്കുന്നതിന് മുമ്പ് കാണുമ്പോഴും പ്ലാന്‍ ചെയ്യുന്നേ ഉള്ളൂ നിങ്ങള്‍ വരുന്നില്ലല്ലോ എന്ന് പറയുമായിരുന്നുവെന്നും നടി ഓര്‍ക്കുന്നു.