ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ നടന്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത് ഏറെ വൈറലായിരുന്നു. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ച് അവസാനിക്കുന്നത് വരെ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഭീമന്‍ രഘു ഒരേ നില്‍പ്പ് നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്.
'മസിലുണ്ടെന്നേ ഉള്ളൂ. സിനിമയിലെ കോമാളിയാണ്. പതിനഞ്ച് മിനിറ്റ് സംസാരിച്ചപ്പോഴും അയാള്‍ എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല. അദ്ദേഹത്തോടുള്ള ബഹുമാനം കൂടുന്നതും അതുകൊണ്ടാണ്. 'രഘൂ അവിടെ ഇരിക്കൂ' എന്ന് അദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല.
ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു: രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താന്‍ എനിക്കാകില്ലെന്ന്.' 'ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെയാണെന്ന് മനസിലായില്ല' എന്നായി രഘു. സുഹൃത്തു പറഞ്ഞു, ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ എന്ന്. അതാണ് അയാള്‍ മണ്ടനാണെന്ന് പറയാന്‍ കാരണം' രഞ്ജിത്ത് പറയുന്നു
കഴിഞ്ഞ വര്‍ഷം രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിക്കവെയുണ്ടായ പ്രശ്‌നങ്ങളിലും അദ്ദേഹം പ്രതികരിച്ചു. അന്ന് തനിക്കെതിരെ പ്ലാന്‍ ചെയ്ത് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു എന്ന് രഞ്ജിത്ത് പറഞ്ഞു. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് ലഭിച്ചു. തൃശൂര്‍ പശ്ചാത്തലമായൊരു ഓപ്പറേഷനായിരുന്നു അതെന്ന് രഞ്ജിത്ത് പറഞ്ഞു.
റിവ്യൂ ബോംബിങ് വിഷയത്തിലും രഞ്ജിത്ത് പ്രതികരിച്ചു. റിവ്യൂ കൊണ്ട് മാത്രം സിനിമയെ വിജയിപ്പിക്കാനും പരാജയപ്പെടുത്താനും കഴിയില്ല. അല്ലാതെയുള്ള പ്രതികരണങ്ങളെല്ലാം വെറും ന്യായം കണ്ടെത്തുന്നതാണ് എന്ന് രഞ്ജിത്ത് പറഞ്ഞു.