മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നടിയോടുള്ള ഇഷ്ടത്തിന് കുറവൊന്നും വന്നിട്ടില്ല. ഇന്നും ദിവ്യ ഉണ്ണിയുടെ പഴയ സിനിമകള്‍ക്ക് പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടയ്ക്ക് ടെലിവിഷന്‍ ഷോകളിലും ദിവ്യ എത്തിയിരുന്നു.
ഇപ്പോഴിതാ, നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് അമേരിക്കയിലെ ഒരു ക്ഷേത്രത്തില്‍ കണ്ണനുമുന്നില്‍ നൃത്താര്‍ച്ചന ചെയ്തിരിക്കുകയാണ് നടി. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ ശ്രദ്ധ നേടിയത് ദിവ്യാ ഉണ്ണിയല്ല, മറിച്ച് ഇളയ മകള്‍ ഐശ്വര്യയാണ്. അമ്മ നൃത്തം ചെയ്യുമ്പോള്‍ അതുപോലെ നോക്കി കളിച്ച് അമ്മയെ പോലെ ഡാന്‍സ് കളിക്കുവാന്‍ ശ്രമിക്കുകയാണ് ഐശ്വര്യ. അടുത്ത് നിലത്തിരിക്കുന്ന സ്ത്രീ ഇതെല്ലാം നോക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ദിവ്യ ഉണ്ണി സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മകളുടെ വിദ്യാരംഭ ചടങ്ങില്‍നിന്നുള്ള ചിത്രങ്ങളും നടി പങ്കുവച്ചിരുന്നു. കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്രത്തില്‍വച്ചായിരുന്നു ഐശ്വര്യയുടെ വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്. ദിവ്യ ഉണ്ണിയുടെ കുടുംബവും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒപ്പം എത്തിയിരുന്നു. 2020 ജനുവരിയിലാണ് ദിവ്യയ്ക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നുമാണ് ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ അര്‍ജുന്‍, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്. വിവാഹശേഷം യുഎസില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി, സിനിമയില്‍ സജീവമല്ലെങ്കിലും ഡാന്‍സ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് താരം.
തൊണ്ണൂറുകളില്‍ മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ നായികമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുന്‍നിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.