ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേയ്ക്ക് മിനി കൂപ്പറിന്റെ കണ്‍ട്രിമാന്‍ കൂടി. ലംബോര്‍ഗിനി ഉറുസ്, പോര്‍ഷെ 911 കരേര, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങിയ ആഡംബര വാഹനങ്ങള്‍ സ്വന്തമായുള്ള നടന്റെ ശേഖരത്തില്‍ പുതിയ അതിഥിയാണ് മിനി കണ്‍ട്രിമാന്‍ ജെസിഡബ്ല്യു ഇന്‍സ്പയേഡ് എഡിഷന്‍. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയില്‍ നിന്നാണ് ഫഹദ് ഫാസില്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
ആറു നിറങ്ങളില്‍ എത്തുന്ന കണ്‍ട്രിമാന്റെ സെയ്ജ് ഗ്രീന്‍ നിറം മോഡല്‍ ആണ് ഫഹദ് സ്വന്തമാക്കിയത്.ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ വാഹന വിഭാഗമായ മിനിയില്‍ നിന്ന് പുറത്തിറങ്ങുന്ന നാല് ഡോര്‍ ഹാച്ച്ബാക്ക് ശ്രേണിയിലാണ് കണ്‍ട്രിമാന്‍ മോഡലിന്റെ സ്ഥാനം. മിനി വാഹന നിരയിലെ ഏറ്റവും കരുത്തന്‍ വാഹനമെന്ന വിശേഷണവും കണ്‍ട്രിമാനിനാണ്. കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്, കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്‌ജെസിഡബ്ല്യു എന്നീ രണ്ട് വകഭേദങ്ങളില്‍ വാഹനം എത്തിയിട്ടിണ്ട്.
രണ്ട് ലീറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിള്‍ ഡ്യുവല്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്‌സ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.5 സെക്കന്‍ഡ് മതി ഈ കരുത്തന്‍ വാഹനത്തിന്. ഏകദേശം 58 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും കണ്‍ട്രിമാന്‍ ജെസിഡബ്ല്യു ഇന്‍സ്പയേഡ് സ്വന്തമാക്കിയിരുന്നു.നടി നവ്യ നായര്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ നടന്മാരുടെ ഗ്യാരേജില്‍ മിനി കൂപ്പറും സ്ഥാനം പിടിച്ചിട്ടുണ്ട്. മിനിയുടെ ക്ലബ്മാന്‍ മോഡലാണ് ജയസൂര്യയ്ക്കുള്ളത്.