Latest News

ഐഎംഡിബിയില്‍ ഏറ്റവുമധികം ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ 'ഐഡന്റിറ്റി' ഒന്നാമത്;ഹെലികോപ്റ്ററില്‍ ഒരേ ദിവസം മൂന്നിടങ്ങളില്‍ പറന്നിറങ്ങി ടോവിനോയും കൂട്ടരും; ചിത്രം നാളെ തിയേറ്ററുകളില്‍

Malayalilife
ഐഎംഡിബിയില്‍ ഏറ്റവുമധികം ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ 'ഐഡന്റിറ്റി' ഒന്നാമത്;ഹെലികോപ്റ്ററില്‍ ഒരേ ദിവസം മൂന്നിടങ്ങളില്‍ പറന്നിറങ്ങി ടോവിനോയും കൂട്ടരും; ചിത്രം നാളെ തിയേറ്ററുകളില്‍

ഫോറന്‍സിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖില്‍ പോള്‍ - അനസ് ഖാന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് നാളെ തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ പ്രമുഖ സിനിമ വെബ്‌സൈറ്റ് ആയ ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് 'ഐഡന്റിറ്റി'. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ Dr. റോയി സി ജെയും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

രാംചരണിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനേയും മറികടന്നാണ് ഐഡന്റിറ്റി ആദ്യ സ്ഥാനത്തെത്തിയത്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഗെയിം ചേഞ്ചറുള്ളത്. ആസിഫ് അലി സിനിമയായ രേഖാചിത്രവും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ആറാം സ്ഥാനത്താണ് രേഖാചിത്രമുള്ളത്. അജിത് നായകനാകുന്ന വിടാമുയര്‍ച്ചി, നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ഡാകു മഹാരാജ് എന്നീ സിനിമകളാണ് ലിസ്റ്റില്‍ ഇടംപിടിച്ച തമിഴ്, തെലുങ്ക് സിനിമകള്‍.


ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരണ്‍ ശങ്കര്‍ എന്ന സ്‌കെച്ച് ആര്‍ട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലര്‍ കാണുമ്പോള്‍ മനസിലാകുന്നത്. ഐഡന്റിറ്റിയുടെ തമിഴ് ട്രെയ്ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് പ്രേക്ഷകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രേക്ഷകരെ കാണാനായ് ടീം 'ഐഡന്റിറ്റ' തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വന്നിരുന്നു. രാവിലെ 11 മണിക്ക് തൃശൂര്‍ ഹൈലൈറ്റ് മാളിലും ഉച്ചക്ക് 3 മണിക്ക് കോട്ടയം ലുലു മാളിലും വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലുമാളിലും ഹെലികോപ്ടറില്‍ എത്തിയ താരങ്ങള്‍ക്ക് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ടൊവിനോ തോമസും വിനയ് റായുംചിത്രത്തിന്റെ സംവിധായകരുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ തമിഴ് നടന്‍ വിനയ് റായിയും ബോളീവുഡ് താരം മന്ദിര ബേദിയുമാണ് കൈകാര്യം ചെയ്യുന്നത്. റൊമാന്റിക് വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരങ്ങള്‍ ഇത്തവണ എത്തുന്നത് പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ചയിലും ഭാവപ്രകടനങ്ങളോടും കൂടിയാണ്. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ Dr. റോയി സി ജെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ പോളും അനസ് ഖാനുമാണ് സംവിധായകര്‍. യു/എ സര്‍ട്ടിഫിക്കറ്റോടെ 2025 ജനുവരി 2ന് റിലീസ് ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിലെത്തിക്കും. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.

ഐഡന്റിറ്റി'യില്‍ അലന്‍ ജേക്കബ് എന്ന അന്വേക്ഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിനയ് റായ് പ്രത്യക്ഷപ്പെടുന്നത്. 2007ല്‍ പുറത്തിറങ്ങിയ 'ഉന്നാലെ ഉന്നാലെ' എന്ന പ്രണയ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ ഒടുവിലായ് പുറത്തിറങ്ങിയ 'ഗാന്ധിവധാരി അര്‍ജുന'യും 'ഹനുമാന്‍'നും വലിയ രീതില്‍ സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫര്‍'ല്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച് നേരത്തെ തന്നെ താരം മലയാളത്തില്‍ ചുവടുറപ്പിച്ചതാണ്.

നീണ്ട 6 വര്‍ഷത്തിന് ശേഷം തൃഷ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ ഇരു കരങ്ങളും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. ചിത്രത്തില്‍ പ്രൈം വിറ്റ്‌നസായിട്ടാണ് താരം വേഷമിടുന്നത്. ആലിഷ എന്നാണ് കഥാപാത്രത്തിന്റെ പേര്. 2018ല്‍ നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദിന്റെ സംവിധാനത്തിലെത്തിയ 'ഹേയ് ജൂഡ്'ആണ് തൃഷയുടെ ആദ്യ മലയാള സിനിമ. വിരലിലെണ്ണാവുന്ന സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച താരമാണ് മന്ദിര ബേദി. 2019ല്‍ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം 'സഹോ'യാണ് താരത്തിന്റെ ഒടുവിലായ് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം. ദൂരദര്‍ശനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രക്ഷേപണം ചെയ്ത 'ശാന്തി' എന്ന മെഗാ സീരിയലിലൂടെ വന്‍ ജനപ്രീതി നേടിയ താരമാണ് മന്ദിര ബേദി. സുപ്രിയ എന്ന കഥാപാത്രത്തെയാണ് മന്ദിര ഐഡന്റിറ്റിയില്‍ അവതരിപ്പിക്കുന്നത്.
 

Read more topics: # ഐഡന്റിറ്റി'
identity film update

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES