ആറ്റ്ലീ- ഷാരൂഖ് ഖാന്‍- നയന്‍താര ചിത്രം ജവാനിലെ വില്ലന്‍ വേഷത്തിനുശേഷം തന്റെ അന്‍പതാമത് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് നടന്‍ വിജയ് സേതുപതി. നിതിലന്‍ സാമിനാഥന്‍ എഴുതി സംവിധാനം ചെയ്യുന്ന 'മഹാരാജ' എന്ന സിനിമയുടെ പോസ്റ്ററാണ് താരം പങ്കുവച്ചത്. തമിഴിലും ഇംഗ്‌ളീഷിലുമുള്ള പോസ്റ്ററുകളാണ് മക്കള്‍ സെല്‍വന്‍ എന്നറിയപ്പെടുന്ന താരം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.
രക്തം പുരണ്ട അരിവാളുമായി ഒരു കസേരയില്‍ ഇരിക്കുന്ന വിജയ് സേതുപതിയെയാണ് പോസ്റ്ററില്‍ കാണുന്നത്. വളരെ സാധാരണമായ വസ്ത്രങ്ങളിലും മുഖത്തും കൈകളിലും കാലുകളിലുമെല്ലാം രക്തക്കറയുണ്ട്. ചെവിയില്‍ മുറിവ് കെട്ടിവച്ച ബാന്‍ഡേജ് ഉണ്ട്. ചുറ്റിനും പൊലീസുകാര്‍ നില്‍ക്കുന്നതും കാണാം. തീക്ഷണമായ ഒരു ത്രില്ലര്‍ ചിത്രമായിരിക്കും മഹാരാജ എന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നു.
മലയാളത്തില്‍ നിന്നും മംമ്ത മോഹന്‍ദാസും, നാട്ടി നടരാജും, അഭിരാമിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍, അജനീഷ് ലോകനാഥാണ് സംഗീത സംവിധായകന്‍. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരമാണ് ചിത്രം നിര്‍മ്മിക്കുന്നത്.