മമ്മൂട്ടിയും വിജയ് സേതുപതിയും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ മണികണ്ഠന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ട് താരങ്ങളുമായും ചിത്രത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അന്തിമ ചര്‍ച്ചകള്‍ക്ക് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മണികണ്ഠന്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയതായും ശ്രദ്ധേയരായ അഭിനേതാക്കള്‍ സിനിമയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രജനികാന്തിനൊപ്പം പേട്ടയിലും കമലഹാസനൊപ്പം വിക്രമിലും നിര്‍ണായക കഥാപാത്രമായി ഇതിനോടകം വിജയ് സേതുപതി എത്തിയിരുന്നു. വിജയ് ചിത്രം മാസ്റ്ററിലും പ്രധാന വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചത് വിജയ് സേതുപതിയാണ്.
അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ജവാനിലൂടെ ഷാരുഖ് ഖാനൊപ്പവും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. മുമ്പ് മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മമ്മൂട്ടിക്കൊപ്പം ഒരു സിനിമയിലെത്തുന്നത്. കാക്ക മുട്ടൈ ഒരുക്കി ദേശിയ പുരസ്‌കാരം നേടിയ എം. മണികണ്ഠനു മായി ചേര്‍ന്നുള്ള വിജയ് സേതുപതിയുടെ മൂന്നാമത്തെ ചിത്രമാണ് ഇനി ഒരുങ്ങുന്നത്. ഇതിനു മുമ്പ് ആണ്ടവന്‍ കട്ടളൈ, ഈ വര്‍ഷമാദ്യം റിലീസായ കടൈസി വ്യവസായി എന്നീ ചിത്രങ്ങള്‍ വിജയ് സേതുപതിയെ നായകനാക്കിയാണ് എം. മണികണ്ഠന്‍ ഒരുക്കിയത്.'കാക്കാ മുട്ടൈ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠന്‍. ചിത്രത്തിലൂടെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 'കടൈസി വിവസായി' എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്.
വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ വിജയ് സേതുപതിയുടേതായി ഒരുങ്ങുന്നത്. കത്രീന കൈഫും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം മേരി ക്രിസ്മസ് റിലീസാകാനുള്ള തയാറെടുപ്പിലാണ്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൈക്കിള്‍ എന്ന തെലുങ്കു ചിത്രവും അവസാന ഘട്ട പണിപ്പുിരയിലാണ്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ, ഗാന്ധി ടോക്‌സ് എന്നീ ചിത്രങ്ങളും തമിഴില്‍ ഒരുങ്ങുന്നുണ്ട്.
പേരന്‍പിനു ശേഷം മമ്മൂട്ടി വീണ്ടും തമിഴില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും പുറത്തു വന്നിട്ടില്ല. രണ്ടു സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷമാകും ആരംഭിക്കുന്നത്. തെലുങ്കില്‍ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഏജന്റ് റിലീസിന് തയാറാകുന്നു. ഇതിനു മുമ്പ് യാത്രയാണ് മമ്മൂട്ടി നായകനായി എത്തിയ തെലുങ്കു ചിത്രം. ഇപ്പോള്‍ അന്യ ഭാഷകളിലും നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയ്ക്കായി കാത്തിരിക്കുന്നത്.