അന്യഭാഷാ നടിയാണെങ്കിലും ശാലീന സൗന്ദര്യം കൊണ്ട് മലയാളി മനസുകള്‍ കീഴടക്കിയ നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം തന്മാത്രയിലൂടെയാണ് മീര മലയാളത്തില്‍ അരങ്ങേറിയത്. ഇതില്‍ ശക്തമായ നായികയായിരുന്നെങ്കിലും പിന്നീട് മീരയ്ക്ക് നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ അധികം ലഭിച്ചില്ല. ഇപ്പോള്‍ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലില്‍ സുമിത്രയായിട്ടാണ് താരം തിളങ്ങുന്നത്. ഇപ്പോള്‍ മീരയുടെ ഒരു തുറന്നുപറച്ചിലാണ് വൈറലായി മാറുന്നത്.
വാസുദേവന്‍, ഹേമലത എന്നിവരുടെ മൂത്ത മകളായി ഒരു തമിഴ് കുടുംബത്തില്‍ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്. താന്‍ കുട്ടിക്കാലത്ത് നേരിട്ട ലൈംഗിക അതിക്രമങ്ങളും താന്‍ അവ അതിജീവിച്ചത് എങ്ങനെയെന്നുമാണ് മീര ജെബി ജംഗ്ഷനില്‍ വെളിപ്പെടുത്തിയത്. പഴയ അഭിമുഖമാണെങ്കിലും കുടുംബവിളക്ക് ഹിറ്റായ പശ്ചാത്തലത്തിലാണ് മീരയ്ക്കുണ്ടായ ദുരനുഭവം വൈറലായി മാറുന്നത്. കുട്ടികാലം മുതല്‍ താന്‍ അബ്യുസിങിന് വിധേയായിരുന്നു എന്നാണ് മീര പറയുന്നത്. എട്ടു വയസ് തൊട്ട് അത് തുടങ്ങി ഒടുവില്‍ പതിനാറാം വയസിലാണ് താനത് വീട്ടില്‍ പറഞ്ഞതെന്ന് മീര പറയുന്നു. മീരയുടെ വാക്കുകള്‍ ഇങ്ങനെ.
എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട്. അച്ഛന്റെ സുഹൃത്തായിരുന്നു അയാള്‍. അച്ഛന്റെ വിശ്വാസം നേടിയെടുത്ത അയാള്‍ പുറമേ മാന്യനായിട്ടാണ് പെരുമാറിയിരുന്നത്. കുട്ടിക്കാലത്ത് പ്രതികരിക്കാന്‍ പേടിച്ചിരുന്നു. സന്തോഷത്തോടെ ജീവിക്കുന്ന അച്ഛനെയും അമ്മയും വേദനിപ്പിക്കാന്‍ വയ്യാത്തത് കൊണ്ട് എല്ലാം സഹിച്ചു. അയാളെക്കുറിച്ചോര്‍ത്ത് എനിക്ക് എന്നും വെറുപ്പായിരുന്നു. പതിനാറ് വയസുള്ളപ്പോള്‍ അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ട് പോയി. അവിടെ വച്ചു എന്റെ നെഞ്ചില്‍ കൈയിട്ടു അയാള്‍ പറഞ്ഞു ഞാന്‍ വിളിച്ചാല്‍ ഏത് നായികയും എന്റെ കൂടെ വരും നീയും വാ എന്ന്. ആ നിമിഷം എട്ടു വര്‍ഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കില്‍ ആളുകളെ വിളിച്ചു കൂട്ടും, അവര്‍ തന്നെ തല്ലികൊല്ലും എന്ന് അയാളോട് പറഞ്ഞു. തന്നെ ഉടന്‍ വീട്ടില്‍ കൊണ്ടാക്കണമെന്നും പറഞ്ഞതോടെ ഭയപ്പെട്ട അയാള്‍ ഉടനെ തിരിച്ച് തന്നെ വീട്ടിലെത്തിച്ചു. അങ്ങനെയാണ് ഞാന്‍ അയാളുടെ കൈയില്‍ നിന്നും രക്ഷപ്പെടുന്നത്. ഒടുവില്‍ ഞാനത് അമ്മയോട് തുറന്നു പറഞ്ഞുവെന്നും മീരാ വാസുദേവ് വെളിപ്പെടുത്തുന്നു.