സെലിബ്രിറ്റികള്‍ അവധിക്കാലം അടിച്ചുപൊളിക്കാന്‍ കൂടുതലും വിദേശരാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്. കുടുംബത്തോടൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും അവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. അത്തരത്തില്‍ സിനിമാ തിരക്കുകളില്‍ നിന്നും ഒരു ഇടവേളയെടുക്കാന്‍ ഒരുങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍. കുടുംബത്തോടൊപ്പം ജപ്പാനിലേക്കാണ് അവധിക്കാലം ആഘോഷിക്കാന്‍ അദ്ദേഹം പോകുന്നത്.
ഏറെ നാളുകള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ജപ്പാനാണ് തെരഞ്ഞെടുത്തതെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്റെ വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞത്.താരം അവധിക്ക് പോകുന്നതിനാല്‍ എല്ലാ വാരാന്ത്യവും നടക്കേണ്ടിയിരുന്ന എപ്പിസോഡ് ഇന്നും ഇന്നലെയുമായി ബിബി ഹൗസില്‍ നടക്കുകയാണ്. 'ഒരുപാട് കാലമായി ഞാനൊരു ഹോളിഡേ പോയിട്ട്. കൊവിഡൊക്കെ ആയിട്ട് അതിന് സാധിച്ചില്ല. ഇല്ലെങ്കില്‍ എല്ലാവര്‍ഷം പോകുമായിരുന്നു. അതുകൊണ്ട് ഞാനൊന്ന് ജപ്പാനില്‍ പോകുകയാണ്. അതാണ് ഇത്തവണ നേരത്തെ നിങ്ങളെ കാണാന്‍ വന്നത്.
എന്റെ ഫ്രണ്ട്‌സും ഫാമിലിയുമൊക്കെ അവിടെ എത്തി. എല്ലാവര്‍ഷവും ഞങ്ങള്‍ പോകുന്നതാണ്. മറ്റാന്നാള്‍ ഇവിടുന്ന് ഞാന്‍ മാത്രം പോകും. മുമ്പും ഞാന്‍ ജപ്പാനില്‍ പോയിട്ടുണ്ട്. ഇനിയെങ്കിലും എന്ന ചിത്രം അവിടെ വച്ചായിരുന്നു ഷൂട്ട് ചെയ്തത്. പിന്നെ ഞാനൊരു ജാപ്പനീസ് പടം ചെയ്യാന്‍ പോയി. ജാപ്പനീസ് പഠിച്ചു. ഞാന്‍ അവിടെ പോയാലും മനസ്സ് കൊണ്ട് നിങ്ങടെ കൂടെ ഉണ്ടാവും. അവിടെ നിന്നും ഇടയ്ക്ക് വരും നിങ്ങളെ കാണാന്‍'', എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.