സ്‌റ്റൈല്‍മന്നന്റെ ഹിറ്റ് ചിത്രം 'മുത്തു'വിന്റെ റീ റിലീസ് മുടങ്ങി. സിനിമ കാണാന്‍ ആരും വരാതിരുന്ന സാഹചര്യത്തിലാണ് റി റിലീസ് നിര്‍ത്തിവച്ചത്. ഡിസംബര്‍ 2 ന് ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നടത്താനിരുന്ന റീ റിലീസാണ് ഒറ്റ ടിക്കറ്റ് പോലും വിറ്റുപോകാത്തതിനാല്‍ മുടങ്ങിയത്.
രജനികാന്തിന്റെ മറ്റൊരു ചിത്രമായ ശിവാജി ഈ മാസം അദ്ദേഹത്തിന്റെ ജന്മദിനത്തിന് വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ആ സിനിമയുടെ അവസ്ഥ എന്തെന്ന് കാത്തിരുന്ന് കാണണം. ഇതോടെ റീ-റിലീസ് ചിത്രങ്ങള്‍ കൊണ്ട് വിതരണക്കാര്‍ക്ക് നഷ്ടം വരുന്ന പ്രവണത മുത്തുവിലും തുടരുകയാണ്.നേരത്തെ രജനികാന്തിന്റെ 'ബാഷ', 'ബാബ' എന്ന ചിത്രങ്ങള്‍ എത്തിയപ്പോഴും പ്രേക്ഷകര്‍ കുറവായിരുന്നു.
ഡിജിറ്റല്‍ റീമാസ്റ്ററിങ് സാധ്യതകള്‍ സജീവമായതോടെയാണ് പണ്ടത്തെ ഹിറ്റ് ചിത്രങ്ങള്‍ വീണ്ടും റീ റിലീസ് ചെയ്യാന്‍ തുടങ്ങിയത്. രജിനികാന്തിന് പുറമെ കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, പ്രഭാസ്, പവന്‍ കല്യാണ്‍, വിജയ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ റീ റിലീസ് ചെയ്തിരുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന്റെ സ്ഫടികവും റീറിലീസ് ചെയ്തിട്ടുണ്ട് .
1995 ല്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത 'മുത്തു' തമിഴ്‌നാട്ടില്‍ 175 ദിവസത്തിലധികം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'തേന്‍മാവിന്‍ കൊമ്പത്ത്' എന്ന ചിത്രത്തില്‍ റീ മേക്ക് ആയിരുന്നു 'മുത്തു'.
1998-ല്‍ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്ത് ജപ്പാനില്‍ റിലീസ് ചെയ്തിരുന്നു. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മുത്തുമാറി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത 'ആര്‍ആര്‍ആര്‍' ആണ് ജപ്പാനില്‍ മുത്തുവിന്റെ കളക്ഷന്‍ വെട്ടിച്ച ആദ്യ ചിത്രം.