കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ജയറാം നായകനായെത്തുന്ന പട്ടാഭിരാമൻ നാളെ റീലിസിനെത്തവെ പുതിയ ടീസർ പുറത്ത്. ഹരീഷ് കണാരനും ജയറാമുമാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഹരീഷ് കണാരൻ തന്റെ പതിവ് നർമ്മ ശൈലിയുടെ ഏവരെയും ചിരിപ്പിക്കുന്നതായ ടീസറാണ് ജയറാം തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
ചിത്രത്തിൽ ഭക്ഷണത്തെ ദൈവ തുല്യമായി കാണുന്ന പട്ടാഭിരാമൻ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയെത്തുന്ന കൃത്യനിഷ്ഠയുള്ള കർക്കശക്കാരനായ ഒരു ഫുഡ് ഇൻസ്പക്ടറുടെ ഔദ്യോഗിക യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്.ഒരു പ്രത്യേക സാഹചര്യത്തിൽ പട്ടാഭിരാമൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണിത്.ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മാണം. ചിത്രത്തിൽ മിയ ജോർജും ഷീലു എബ്രഹാമുമാണ് നായികമാരായി എത്തുന്നത്.
ബൈജു സന്തോഷ് സുധീർ കരമന, ധർമ്മജൻ ബൊൾഗാട്ടി, സായ്കുമാർ, ജനാർദ്ദനൻ, ദേവൻ, ബിജു പപ്പൻ, വിജയകുമാർ, പ്രേംകുമാർ, തെസ്നി ഖാൻ, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോൻ എന്നിവരാരാണ് പ്രധാന വേഷത്തിലെത്തുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്.