പൊന്നിയിന്‍ സെല്‍വന്‍ 2'വിന്റെ റിലീസിന് മുന്നോടിയായി ചിത്രത്തിലെ താരങ്ങള്‍ കൊച്ചിയില്‍ എത്തി. നടന്മാരായ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, റഹ്‌മാന്‍, ഐശ്വര്യലക്ഷ്മി, ജയറാം, ബാബു ആന്റണി തുടങ്ങിവര്‍ വൈകിട്ട് ആറിന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ആരാധകരെ കാണാന്‍ എത്തും. അതിന് മുന്‍പ് മാധ്യമ സമ്മേളനത്തില്‍ സംവിധായകന്‍ മണിരത്നവും താരങ്ങളും പങ്കെടുക്കും.
താരങ്ങള്‍ തന്നെ സോഷ്യല്‍മീഡിയ വഴി കൊച്ചിയിലെത്തിയ വിവരം പങ്ക് വച്ചു.മച്ചാന്മാരെ ഞങ്ങള്‍ കൊച്ചിയിലുണ്ടെന്ന് പറഞ്ഞുകൊണ്ട് നടന്‍ കാര്‍ത്തിയാണ് തന്റെ സന്തോഷം ആദ്യം പങ്കുവെച്ചത്.ജയന്‍ രവി ആകട്ടെ മലയാളത്തില്‍ ആക്കി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം.
തമിഴ്‌നാട്ടിലെ പോലെ കേരളത്തിലും പുലര്‍ച്ചെ 4ന് ആദ്യ പ്രദര്‍ശനം നടത്താനുള്ള അനുവാദം തേടിയിട്ടുണ്ട്് വിതരണക്കാര്‍. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ഈ മാസം 28ന് മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുക. 350ലധികം തിയേറ്ററുകളില്‍ ആണ് ചിത്രം എത്തുന്നത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷന്‍ കൊറിയോഗ്രഫി. ബൃന്ദയാണ് നൃത്ത സംവിധാനം. ആനന്ദ് കൃഷ്ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.