മലയാളിമനസ്സുകളില്‍ എക്കാലവും മായാതെ നില്‍ക്കുന്ന പ്രിയ ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് .ഇന്നും ആരാധകര്‍ ഏറെയുള്ള ചിത്രം ഇപ്പോഴും ടെലിവിഷന്‍ ചിത്രങ്ങളില്‍ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണ്. നടി ശോഭന അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ മണിച്ചിത്രത്താഴിലെ നാഗവല്ലിയാണെന്നായിരിക്കും മിക്കവരുടേയും ഉത്തരം. സിനിമയിറങ്ങി 25 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഈ സിനിമയും ഇതിലെ ഗാനങ്ങളും തമാശരംഗങ്ങളുമെല്ലാം പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്നു.ചിത്രത്തിലെ അഭിനയത്തിലൂടെ നടി ശോഭന മികച്ച നടിക്കുള്ള ദേശിയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ചിത്രം റിലീസ് ചെയ്ത് 25 വര്‍ഷത്തിനു ശേഷം ചിത്രത്തിലെ ഒരു ഗാനത്തെക്കുറിച്ചുള്ള നടിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
വരുവാനില്ലാരുമീ എന്ന ഗാനത്തേക്കുറിച്ചാണ് ശോഭന ഇന്‍സ്റ്റാഗ്രാമിലൂടെ പറഞ്ഞത്. മണിച്ചിത്രത്താഴിലെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഇതുവരെ ഒരു മുറൈ വന്തു പാര്‍ത്തായായും അതുകഴിഞ്ഞാല്‍ പഴംതമിഴ് പാട്ടുമാണെന്നും എന്നാല്‍ സിനിമ ഈയിടെ വീണ്ടും കണ്ടതോടെ 'വരുവാനില്ലാരുമീ' എന്ന ഗാനത്തില്‍ മയങ്ങിപ്പോയെന്നും ശോഭന കുറിച്ചു.
'വരുവാനില്ലാരുമീ...അത്രയും മനോഹരമായ വരികള്‍. ഈയിടെ ചിത്രം കണ്ടപ്പോഴാണ് ഈ പാട്ട് ഇത്ര മനോഹരമാണെന്ന് മനസിലാക്കിയത്. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ലൈമാക്സ് ഗാനമായ ഒരു മുറൈ വന്തു പാര്‍ത്തായയും അതു കഴിഞ്ഞാല്‍ പഴംതമിഴ് പാട്ടുമായിരുന്നു എന്റെ പ്രിയ ഗാനങ്ങള്‍. ഈ മനോഹര ഗാനത്തെ ഞാന്‍ ഇപ്പോള്‍ മാത്രമാണ് അഭിനന്ദിച്ചിട്ടുള്ളൂവെങ്കിലും, പ്രേക്ഷകര്‍ വളരെ മുമ്പുതന്നെ അതിനെറ സംഗീതമൂല്യം മനസ്സിലാക്കിയിട്ടുണ്ട്. ചിത്രാജിയുടെ എത്ര ശ്രദ്ധേയമായ ആലാപനം ..എം ജി രാധാകൃഷ്ണന്‍ ചേട്ടനെ ഓര്‍ക്കുന്നു.. ശ്രീ മധു മുട്ടം വളരെ മനോഹരമായി എഴുതിയിരിക്കുന്നു'' ശോഭന ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
മധുമുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത് 1993-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, കന്നഡ നടന്‍ ശ്രീധര്‍, സുധീഷ്, ഇന്നസെന്റ്, നെടുമുടി വേണു, തിലകന്‍, കുതിരവട്ടം പപ്പു, ഗണേഷ്, കെ.പി.എസി.ലളിത, വിനയപ്രസാദ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത് ചിത്രത്തിലെ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.