പ്രതിസന്ധികള്‍ ഉണ്ടായഘട്ടത്തിലും മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് വിനയന്‍. വിനയന്റെ സംവിധാനത്തില്‍ പിറവിയെടുത്ത ചിത്രങ്ങളെല്ലാ റൊക്കോര്‍ഡ് വിജയമാണ് കൈവരിച്ചത്. സിനിമയില്‍ വിലക്ക് നേരിട്ടപ്പോഴും ആത്മവിശ്വാസം ചോരാതെ ഒറ്റയ്ക്ക് പടം എടുത്ത് വിജയിപ്പിക്കാന്‍ വിനയന് സാധിച്ചു. ഈ വിലക്കിന് മുന്‍പും പല പ്രതിസന്ധികള്‍ നേരിട്ടാണ് വിനയന്‍ പല സിനിമയും പൂര്‍ത്തിയാക്കിയത്. അപ്പോള്‍ കലാഭവന്‍ മണിയെ നായകനാക്കി വാസന്തിയും ലക്ഷ്മിയും പിറവിയെടുത്തതെങ്ങെ എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.
കലാഭവന്‍ മണിയോടൊപ്പം ചെയ്ത സിനിമകളെ കുറിച്ചും മണിക്ക് താന്‍ നല്‍കിയ വേഷങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് വിനയന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്റെ ഈ വെളിപ്പെടുത്തലുകള്‍. സല്ലാപത്തിനു ശേഷം കലാഭവന്‍ മണിക്ക് ശ്രദ്ധേയമായ വേഷമുള്ള സിനിമയാണ് കല്യാണസൗഗന്ധികം. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ മണി പുതിയൊരു നമ്പര്‍ കാണിക്കാമെന്നു പറഞ്ഞു. റോഡ് മുറിച്ചു കടക്കുന്ന അന്ധന്‍ അതായിരുന്നു പുതിയ നമ്പര്‍. ക്യാപ്റ്റന്‍ രാജുവും ഹരിശ്രീ അശോകനും ശിവാജിയുമെല്ലാം സാക്ഷി നില്‍ക്കേ അന്ധനെ അവതരിപ്പിച്ച് മണി എല്ലാവരെയും വിസ്മയിപ്പിച്ചു.
''ഇതു മിമിക്രിയല്ലെടാ. സംഭവം കലക്കി. അന്ധനെ സെന്റര്‍ ക്യാരക്ടരാക്കി പടമെടുക്കാമെന്നു പോലും തോന്നുന്നു. നീയാകണം നായകന്‍.'' ആ നിമിഷത്തെ ആഹ്ലാദത്തില്‍ വിനയന്‍ അങ്ങനെ പറഞ്ഞു പോയതാണ്. പക്ഷേ, കലാഭവന്‍ മണി അത് മനസ്സിലെടുത്തു, : ''എന്നെ നായകനാക്കാമെന്നു പറഞ്ഞ പടമെന്നു തുടങ്ങും?'' അങ്ങനെ 1999 ഡിസംബറില്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കലാഭവന്‍ മണി അന്ധനായി അഭിനയിച്ചു. ചിത്രത്തിലെ അഭിനയത്തിന് ദേശീയ, സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് മണി അര്‍ഹനായി.
'' കര്‍ക്കടകത്തിലെ കറുത്ത വാവിന് റെക്കോര്‍ഡിങ് തുടങ്ങി ദുഃഖവെള്ളിയാഴ്ച ഷൂട്ടിങ് ആരംഭിച്ച സിനിമയാണ് 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'. ''ഞങ്ങള്‍ അവിശ്വാസികളായിരുന്നില്ല. പരീക്ഷണ ചിത്രമെന്ന നിലയില്‍ ഞങ്ങള്‍ സാഹസികമായി വ്യത്യസ്തരാവുകയായിരുന്നു. അന്ധന്റെ കഥ പറയുന്ന ഡാര്‍ക്ക് സിനിമയ്ക്ക് ഇതിനേക്കാള്‍ നല്ല തുടക്കം മറ്റെന്താകാനാണ്.
കോഴിക്കോട് സിനിമ കണ്ട ഹരിഹരന്‍ വിനയനെ വിളിച്ചു പറഞ്ഞു: ''ആളു കുറവാണ്, പക്ഷേ, പടം നന്നായിട്ടുണ്ടെടാ''. അഞ്ചാറു ദിവസം കഴിഞ്ഞാണ് തിയറ്ററുകള്‍ നിറയുന്നത്. ഇന്നായിരുന്നെങ്കില്‍ പടം തിയറ്ററുകാര്‍ എടുത്തു മാറ്റിയേനെ. കണ്ടവര്‍ കാണാത്തവരോടു പറഞ്ഞു പടം സൂപ്പര്‍ ഹിറ്റാക്കി.
ജെ.പള്ളാശേരിയായിരുന്നു തിരക്കഥാകൃത്ത്. മൂന്നരക്കോടി രൂപയാണ് വാരിയെടുത്തത്. നാടോടി സ്വഭാവമുള്ള ഗാനങ്ങളായിരുന്നു. മോഹന്‍ സിതാര സംഗീത സംവിധായകന്‍. 'ആലിലക്കണ്ണാ' പാടിയ യേശുദാസിന് അവാര്‍ഡ് കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നു. 'ചാന്തുപൊട്ടും ചങ്കേലസും' എന്ന ഗാനത്തിന് എം.ജി. ശ്രീകുമാറിനായിരുന്നു ദേശീയ പുരസ്‌കാരം.
സിനിമയുടെ ആകെ നിര്‍മാണ ചെലവ് 45 ലക്ഷമായിരുന്നു. കാസെറ്റിന്റെ റൈറ്റ് വിറ്റുപോയത് 30 ലക്ഷത്തിനും'' - സംവിധായകന്‍ വിനയന്‍ പറഞ്ഞു.കലാഭവന്‍ മണിയ്ക്ക് ആദരസൂചകമായി അദ്ദേഹത്തിന്റെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ ഒരുക്കിയതും വിനയനായിരുന്നു.