വലിയ പ്രതീക്ഷകളോടെ എത്തുന്ന കമല്‍ ഹാസന്‍ ചിത്രമാണ് 'തഗ് ലൈഫ്'. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറം കമല്‍ ഹാസനും മണി രത്‌നവും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 45 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള ടീസര്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. 2025 ജൂണ്‍ 5ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപനം. ചിത്രത്തില്‍ 'രംഗരായ ശക്തിവേല്‍ നായ്ക്കര്‍' എന്ന കഥാപാത്രത്തെയാണ് കമല്‍ ഹാസന്‍ അവതരിപ്പിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ കമല്‍ ഹാസന്‍ എത്തുന്നു എന്നാണ് ടീസറില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
നടന്‍ ചിമ്പുവും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മണി രത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. രവി കെ ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍.