നടന്‍ വിജയ് ദേവരകൊണ്ടയുടെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ ജോഗുലാംബ ഗഡ്വാളിലാണ് അപകടം. ഉണ്ടവല്ലിക്ക് സമീപം ഇന്ന് രാത്രിയാണ് അപകടമുണ്ടായത്. പരുക്കേല്‍ക്കാതെ നടന്‍ രക്ഷപ്പെട്ടതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത സുഹൃത്തുക്കളോടൊപ്പം പുട്ടപര്‍ത്തിയില്‍ നിന്നും ഒരു യാത്ര കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു നടന്‍. ദേശീയ പാത 44ല്‍ വരസിദ്ധി വിനായകകോട്ടണ്‍ മില്ലിന് സമീപമാണ് അപകടമുണ്ടായത്.വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട.്
വിജയ് സഞ്ചരിച്ചിരുന്ന ലെക്‌സസ് കാര്‍ ബൊലേറോയുമായി കൂട്ടിയിടിക്കുകയായിരുന്നു. നന്ദികോട്കൂറില്‍ നിന്ന് പേബ്ബെയറിലേക്ക് ആടുകളെ കയറ്റി വന്ന ഒരു ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ വിജയുടെ കാറും എതിര്‍ദിശയില്‍ വന്ന ബൊലോറയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ താരത്തിന്റെ വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കാതെ വിജയ് ഉള്‍പ്പെടെയുള്ള കാര്‍ യാത്രികര്‍ രക്ഷപ്പെടുകയായിരുന്നു.
വിജയ്-രശ്മിക വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ അപകട വാര്‍ത്തയും വരുന്നത്.കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നിരുന്നാലും, ഇരു താരങ്ങളും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഇവരുടെ വിവാഹം 2026 ഫെബ്രുവരിയില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.