വെളുത്ത ജുബ്ബയും മുണ്ടും ആണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ സ്ഥായീ വേഷം. വര്‍ഷങ്ങളായി അതിനൊരു മാറ്റവും വന്നിട്ടില്ല. കഴിഞ്ഞ കുറച്ചു കാലമായി അമേരിക്കയിലെ ഡാലസില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന യേശുദാസിനേയും ഭാര്യയേയും കാണാന്‍ നിരവധി പേര്‍ വീട്ടിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. മോഹന്‍ലാലും എംജി ശ്രീകുമാറുമെല്ലാം പലപ്പോഴും യുഎസ് ട്രിപ്പിന് എത്തുമ്പോള്‍ യേശുദാസിനെ കാണാന്‍ ഡാലസിലെ വീട്ടിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, വേറെ കുറച്ചു പേരാണ് ഗാനഗന്ധര്‍വ്വനേയും ഭാര്യയേയും കാണാന്‍ വീട്ടിലേക്ക് എത്തിയിരിക്കുന്നത്. അതു മറ്റാരുമല്ല, എ ആര്‍ റഹ്മാനും ഗായിക സുജാതയുടെ മകള്‍ ശ്വേതാ മേനോനും ഭര്‍ത്താവും കുടുംബവും മറ്റു ചില സുഹൃത്തുക്കളുമാണ്.
അതിഥികളെ പ്രത്യേകമായി തന്നെ കരുതലോടെയും സന്തോഷത്തോടെയും സ്വീകരിച്ച യേശുദാസും ഭാര്യയും അവര്‍ക്കൊപ്പം പുറത്തു ചുറ്റിക്കറങ്ങാനും സമയം കണ്ടെത്തിയെന്നതാണ് സത്യം. അതിഥികള്‍ക്കു മുന്നില്‍ പതിവ് വേഷത്തില്‍ നിന്നും യാതൊരു മാറ്റവുമില്ലാതെയാണ് യേശുദാസ് എത്തിയത്. വെളുത്ത മുണ്ടും ജുബ്ബയും മാത്രമല്ല, വെളുത്ത ഷൂവും വാച്ചും വിരലിലെ ആനവാല്‍ മോതിരവുമെല്ലാം തെളിഞ്ഞു കാണാം.
അതോടൊപ്പം ശ്രദ്ധ നേടുന്നത് അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നതു തന്നെയാണ്. മുടിയും താടിയുമെല്ലാം പൂര്‍ണമായും നരച്ച് കൂടുതല്‍ വെളുപ്പമായി മാറിയെന്നു മാത്രമല്ല, മുടി നീട്ടി വളര്‍ത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. നേരത്തെ മുടി വെട്ടിയൊടുക്കി ഇടുന്നതു പതിവായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെ ചെയ്യാറില്ല. മുടി കൊഴിഞ്ഞു പോകുന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ മുടി നീട്ടി വളര്‍ത്തുകയാണ് യേശുദാസ് ചെയ്യുന്നത്. പതിവു പോലെ തന്നെ പട്ടുസാരിയില്‍ സുന്ദരിയായാണ് യേശുദാസിന്റെ ഭാര്യയും നില്‍ക്കുന്നത്. പ്രഭയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം മറികടന്നാണ് അവരും മുന്നോട്ടു പോകുന്നത്.
വളരെ തിരക്കേറിയ, കുടുംബത്തിനൊപ്പം രണ്ടു ദിവസം പോലും തികച്ചു നില്‍ക്കാന്‍ കഴിയാത്ത തിരക്കായിരുന്നു ഒരഞ്ചുകൊല്ലം മുമ്പു വരേയ്ക്കും യേശുദാസിന്റെ ജീവിതം. എന്നാലിപ്പോള്‍ പൂര്‍ണമായും കുടുംബത്തിനൊപ്പം സമയം ചെലവഴിച്ചാണ് അദ്ദേഹം തന്റെ എണ്‍പതുകള്‍ ആഘോഷമാക്കുന്നത്. 85 വയസാണ് അദ്ദേഹത്തിനിപ്പോള്‍. വിവാഹത്തിനു മുന്നേ തന്നെ ആരംഭിച്ച തിരക്കാര്‍ന്ന സംഗീത ജീവിതത്തിന് ഇടവേള നല്‍കി ഭാര്യയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍.. ആ വിശ്രമജീവിതം ആനന്ദകരമാക്കുകണ് അദ്ദേഹം ഇപ്പോള്‍. ഒപ്പം സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നുണ്ട്. 80 വയസുവരെ ഓടിനടന്നു പാടിയ അദ്ദേഹം വിശ്രമ ജീവിതം നയിക്കുന്ന ഏതൊരു സാധാരണക്കാരെയും പോലെയാണ് അദ്ദേഹത്തിന്റെയും ഇപ്പോഴത്തെ ജീവിതം.
എങ്കിലും എന്നും പുലര്‍ച്ചയ്ക്ക് നാലരയ്ക്കെഴുന്നേറ്റ് സാധകം ചെയ്യുന്ന ദിനചര്യ ഈ പ്രായത്തിലും ഡാലസില്‍ വച്ചും അദ്ദേഹം തുടരുന്നുണ്ട്. മാത്രമല്ല, ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുന്ന അദ്ദേഹം ചിട്ടയായ ജീവിത ശൈലി ആണ് ഫോളോ ചെയ്യുന്നത്. തന്റെ ദൈവിക സ്വരത്തെ മോശമാക്കുന്ന ഒരു ഭക്ഷണവും കഴിക്കാറില്ല അദ്ദേഹം. ഡാലസിലെ ഒഴിവു വേളകളില്‍ ഭാര്യ പ്രഭക്ക് ഒപ്പം പച്ചക്കറി വാങ്ങാനും ഷോപ്പിംഗിനും ഒക്കെ അദ്ദേഹം പുറത്തേക്ക് ഇറങ്ങുകയും ചെയ്യും. അത്തരത്തില്‍ സ്വയം കാറോടിച്ചുപോകുന്ന ദാസേട്ടന്റെ വിശേഷങ്ങള്‍ മുന്‍പൊരിക്കല്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്തിനു ശേഷം ഇന്ത്യയിലേക്ക് ഉള്ള യാത്രകള്‍ കുറവാണ്. ഇടയ്ക്ക് അമേരിക്കയിലെ വേദികളില്‍ കച്ചേരികളും അവതരിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.