തുള്ളുവതോ ഇളമൈ, സൊല്ല സൊല്ല ഇനിക്കും, പാലൈവനം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ നടന്‍ അഭിനയ് ഗുരുതരമായ കരള്‍ രോഗവുമായി പോരാട്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലെ കിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അഭിനയ് പ്രേക്ഷകര്‍ക്ക് സുപരിചിതനായത്.
47 കാരനായ അഭിനയ്, മുതിര്‍ന്ന മലയാളി നടി ടി.പി. രാധാമണിയുടെ മകനാണ്. ദേശീയ പുരസ്‌കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച രാധാമണി 2019-ല്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. അമ്മയുടെ മരണത്തിന് ശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് താനെന്ന് അഭിനയ് നേരത്തെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നഗരത്തിലെ സര്‍ക്കാര്‍ മെസ്സില്‍ നിന്നാണ് ഭക്ഷണം ലഭിക്കുന്നതെന്നും, ഇനി ജീവിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഭിനയിനെ സഹായിക്കാനായി ഹാസ്യനടനും ടെലിവിഷന്‍ അവതാരകനുമായ കെപിവൈ ബാല കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ചു. ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ ബാല സംഭാവന ചെയ്തു. പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഭിനയ്, തുപ്പാക്കി ചിത്രത്തില്‍ വിദ്യുത് ജമാലിന് വേണ്ടി ഡബ്ബും ചെയ്തിട്ടുണ്ട്.