തമിഴ് സൂപ്പര്‍താരം വിജയ്യുടെ പേഴ്സണല്‍ അസിസ്റ്റന്റായി പത്ത് വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ച സെല്‍വം എന്ന സെല്‍വരാജ്, ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. താരത്തിന്റെ നിഴലായി നടന്ന കാലത്തെ സന്തോഷത്തേക്കാളേറെ, കണ്ണുനീരിന്റെയും അവഗണനയുടെയും കഥകളാണ് സെല്‍വരാജിന് പങ്കുവെക്കാനുള്ളത്. വിജയ്യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറിന്റെ വിശ്വസ്തനായിരുന്ന സെല്‍വരാജ്, ഒടുവില്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീണുപോയ തന്റെ അവസ്ഥ തുറന്നുപറയുമ്പോള്‍ അത് ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിക്കുന്നു.
വിജയ്യുടെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത 60 സിനിമകളില്‍ പ്രൊഡക്ഷന്‍ സൈഡില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് സെല്‍വരാജ് വിജയ്യുടെ അസിസ്റ്റന്റായി എത്തുന്നത്. വിജയ്ക്ക് 15 വയസ്സുള്ളപ്പോള്‍ മുതല്‍ അദ്ദേഹത്തെ അറിയാമെന്നും സെല്‍വരാജ് പറയുന്നു. വിജയ്യുടെ അന്നത്തെ പേഴ്സണല്‍ അസിസ്റ്റന്റിന് ഭക്ഷണത്തില്‍ നിന്ന് അലര്‍ജി ഉണ്ടായപ്പോഴാണ് സെല്‍വരാജ് ആ സ്ഥാനത്തേക്ക് വരുന്നത്. സെല്‍വരാജിന്റെ വിവാഹം നടത്തിക്കൊടുത്തതും എസ്.എ. ചന്ദ്രശേഖറായിരുന്നു. കുടുംബവുമായുള്ള ആത്മബന്ധം കാരണമാണ് വിജയ്ക്കൊപ്പം ചേര്‍ന്നത്.
വിജയ്ക്കൊപ്പം ജോലി ചെയ്യാന്‍ തുടങ്ങിയത് മുതല്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ ടീമില്‍ നിന്ന് കടുത്ത വിവേചനമാണ് നേരിടേണ്ടി വന്നതെന്ന് സെല്‍വരാജ് പറയുന്നു. ഡ്രൈവര്‍ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ ഒരു ശത്രുവിനെപ്പോലെയാണ് കണ്ടിരുന്നത്. വിജയ്ക്ക് ഭക്ഷണം എത്തിക്കുക എന്നതായിരുന്നു സെല്‍വരാജിന്റെ പ്രധാന ചുമതല. 'തുപ്പാക്കി' സിനിമയുടെ ബോംബെ ഷെഡ്യൂള്‍ സമയത്ത്, താന്‍ വിജയ്ക്കായി തയ്യാറാക്കുന്ന ഭക്ഷണത്തില്‍ ഉപ്പ് വാരിയിടുമെന്ന് സഹപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ കാര്യം സെല്‍വരാജ് വേദനയോടെ ഓര്‍ക്കുന്നു. വിജയ് ഷൂട്ടിംഗ് കഴിഞ്ഞാല്‍ സ്വന്തം മുറിയിലേക്ക് ചുരുങ്ങുന്ന ആളായതിനാല്‍ ലൊക്കേഷനില്‍ തന്റെ സഹായികള്‍ക്കിടയില്‍ നടക്കുന്ന ഇത്തരം പോരുകളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല.
സെല്‍വരാജിന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം നടന്നത് 'പുലി' സിനിമയുടെ ഷൂട്ടിംഗ് വേളയിലാണ്. തലക്കോണത്തെ ഷെഡ്യൂള്‍ സമയത്ത് വിജയ്ക്കായി ഭക്ഷണം എത്തിക്കാന്‍ പോയതായിരുന്നു അദ്ദേഹം. 'അന്ന് രാത്രി 12 മണിയായിരുന്നു. മുറിക്കുള്ളില്‍ ആരോടോ ഫോണില്‍ സംസാരിച്ച് വിജയ് സാര്‍ ആകെ ദേഷ്യപ്പെട്ടിരിക്കുകയായിരുന്നു. ഫോണ്‍ വെച്ചയുടന്‍ അദ്ദേഹം വന്ന് ഭക്ഷണം കഴിച്ചു. അന്ന് അദ്ദേഹത്തിന്റെ കണ്ണ് കലങ്ങിയിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നതിനിടെ ഒരു പ്ലേറ്റില്‍ വിരല്‍ ചൂണ്ടി ഇതെന്താണെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. മുന്‍പ് ഒരിക്കല്‍ ഭക്ഷണത്തില്‍ മുടി കണ്ടിരുന്ന കാര്യം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ഞാന്‍ പേടിച്ചുപോയി. പെട്ടെന്ന് അദ്ദേഹം എന്റെ മുഖത്ത് ആഞ്ഞടിച്ചു. ഞാന്‍ നിലത്തു വീണു. എന്തിനാണ് എന്നെ തല്ലിയതെന്ന് അന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ നിലത്തിരിക്കുമ്പോള്‍ അദ്ദേഹം എന്റെ നെഞ്ചത്ത് ചവിട്ടുകയും ചെയ്തു,' സെല്‍വരാജ് വെളിപ്പെടുത്തി.
പിറ്റേന്ന് വിജയ് വന്ന് തന്നോട് ക്ഷമ ചോദിച്ചുവെന്നും മറ്റാരോടോ ഉള്ള ദേഷ്യം തന്നോട് തീര്‍ത്തതാണെന്ന് പറഞ്ഞുവെന്നും സെല്‍വരാജ് കൂട്ടിച്ചേര്‍ത്തു. വേറെ ആരോട് ഞാന്‍ ഈ ദേഷ്യം തീര്‍ക്കും എന്ന് വിജയ് ചോദിച്ചപ്പോള്‍ അത് സാരമില്ലെന്ന് താന്‍ പറഞ്ഞുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. പുറത്താക്കലും ഗൂഢാലോചനയും സെല്‍വരാജിനെ വിജയ്യുടെ ടീമില്‍ നിന്ന് പുറത്താക്കാനായി സഹപ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിക്കുന്നു.
'ഭൈരവ' സിനിമയുടെ സെറ്റില്‍ വെച്ച്, സെല്‍വരാജ് അറിയാതെ വിജയ്യുടെ ഭക്ഷണത്തില്‍ ആരോ മുടി കൊണ്ടുവന്നിട്ടു. ഇതോടെ പേഴ്സണല്‍ അസിസ്റ്റന്റ് ജോലിയില്‍ നിന്ന് വിജയ് അദ്ദേഹത്തെ മാറ്റി. ഇനി തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഡ്രൈവര്‍ രാജേന്ദ്രന്‍ നോക്കിക്കൊള്ളുമെന്നും സെല്‍വരാജ് പ്രൊഡക്ഷന്‍ സൈഡില്‍ നിന്നാല്‍ മതിയെന്നും വിജയ് പറഞ്ഞു. അതോടെ ആ നിഴല്‍ ജീവിതം അവസാനിച്ചു.
വിജയ്ക്കൊപ്പം ഉണ്ടായിരുന്ന ആളായതുകൊണ്ട് ബാങ്ക് ബാലന്‍സ് ധാരാളം കാണുമെന്ന് കരുതി പലരും സെല്‍വരാജിന് പിന്നീട് ജോലി നല്‍കാന്‍ തയ്യാറായില്ല. രണ്ട് വര്‍ഷം മുന്‍പ് 'ഗോട്ട്' (GOAT) സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും ശസ്ത്രക്രിയക്കായി 10 ലക്ഷം രൂപ ചെലവാവുകയും ചെയ്തു. ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്താണ് ആ തുക കണ്ടെത്തിയത്. ഈ വിഷമഘട്ടത്തില്‍ വിജയ്യെ കാണാന്‍ ശ്രമിച്ചെങ്കിലും ചുറ്റുമുള്ളവര്‍ അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ല.
തന്റെ മകളുടെ വിവാഹത്തിന് വിജയ്യെ നേരിട്ട് പോയി ക്ഷണിച്ചുവെങ്കിലും അദ്ദേഹം വന്നില്ലെന്നും ഒരു സഹായവും ചെയ്തില്ലെന്നും സെല്‍വരാജ് കണ്ണുനീരോടെ പറയുന്നു. 'ഇന്ന് എന്റെ ഭാര്യയുടെ കഴുത്തില്‍ ഒരു താലി പോലുമില്ല, വെറുമൊരു ചരട് മാത്രമാണ്. രണ്ട് മാസമായി വീട്ടുവാടക കൊടുക്കാന്‍ പോയിട്ട് അന്നന്നത്തെ ആഹാരത്തിന് പോലും വഴിയില്ല. വിജയ്ക്കൊപ്പം പത്ത് വര്‍ഷം നടന്ന ഒരാള്‍ ഇന്ന് തെരുവില്‍ നില്‍ക്കുമ്പോള്‍ ആരും വിശ്വസിക്കുന്നില്ല,' സെല്‍വരാജ് പറയുന്നു.
വിജയ്യെക്കുറിച്ച് ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് ഭാര്യ വിലക്കിയിരുന്നുവെന്നും മകന്‍ ഇപ്പോഴും ഒരു വലിയ വിജയ് ആരാധകനാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്. ജീവിതം വഴിമുട്ടിയപ്പോള്‍ നിവൃത്തികേടുകൊണ്ടാണ് ലോകത്തോട് ഇതെല്ലാം പറയേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. താരപരിവേഷങ്ങള്‍ക്കിപ്പുറം ഒരു സാധാരണക്കാരനായ സഹായിയുടെ ജീവിതം എത്രത്തോളം ദുസ്സഹമായിരുന്നു എന്നതിന്റെ നേര്‍ച്ചിത്രമാവുകയാണ് സെല്‍വരാജിന്റെ വാക്കുകള്‍.