ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ചാടിയിറങ്ങി നടി കരിഷ്മ ശര്‍മ്മയ്ക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. രാഗിണി എംഎംഎസ് റിട്ടേണ്‍സ്, പ്യാര്‍ കാ പഞ്ച്‌നാമ, ഉജ്ഡ ചമന്‍ എന്നിവയിലൂടെ ശ്രദ്ധേയയായ കരിഷ്മയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അവര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ അപകടം സംഭവിച്ചതായി കരിഷ്മ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ''ചര്‍ച്ച് ഗേറ്റില്‍ ഷൂട്ടിങ്ങിന് പോകുകയായിരുന്നു. സാരി ധരിച്ച് ട്രെയിനില്‍ കയറിയപ്പോള്‍ ട്രെയിനിന്റെ വേഗം കൂടിത്തുടങ്ങി. സുഹൃത്തുക്കള്‍ക്ക് കയറാന്‍ കഴിഞ്ഞിട്ടില്ലെന്ന് മനസിലായതോടെ ഞാന്‍ പേടിയില്‍ ചാടുകയായിരുന്നു. പിന്നില്‍ ഇടിച്ച് വീണു. തലയ്ക്ക് പരിക്കേല്‍റ്റു,'' നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
''പിന്‍ഭാഗത്ത് പരിക്കുണ്ട്. തലയില്‍ നീര് കെട്ടി. എംആര്‍ഐ എടുത്തു. ഒരുദിവസം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വേദനയുണ്ടെങ്കിലും ഞാന്‍ ധൈര്യമായിരിക്കുന്നു. വേഗം സുഖം പ്രാപിക്കാന്‍ നിങ്ങളുടെ പ്രാര്‍ഥനകള്‍ വേണം,'' കരിഷ്മ കൂട്ടിച്ചേര്‍ത്തു.
നടിയുടെ സുഹൃത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു: ''എന്റെ സുഹൃത്ത് ട്രെയിനില്‍നിന്ന് വീണു. അവള്‍ക്ക് ഒന്നും ഓര്‍മയില്ലായിരുന്നു. നിലത്തുകിടക്കുന്നത് കണ്ട ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനകള്‍ തുടരുകയാണ്. പ്രാര്‍ഥനകള്‍ വേണ്ടിവരും.'' സംഭവത്തിന് മുമ്പ് കരിഷ്മ ട്രെയിനില്‍ കയറുന്ന വീഡിയോ സുഹൃത്തുക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.