ആരാധകര്‍ക്ക് ബലയ്യയുടെ പിറന്നാള്‍ സമ്മാനമായി അഖണ്ഡ 2 ടീസര്‍. 2021 ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം അഖണ്ഡയുടെ രണ്ടാം ഭാഗമാണ് താണ്ഡവം എന്ന ടാഗ് ലൈനോടെ വരുന്ന അഖണ്ഡ 2. പേരു പോലെ തന്നെ നായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ താണ്ഡവം തന്നെ ചിത്രത്തില്‍ കാണാമെന്ന് ടീസര്‍ ഉറപ്പു നല്‍കുന്നുണ്ട്.
ആദ്യ ഭാഗം നേടിയ വന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മാസ് സിനിമകളുടെ രാജാവായ ബാലയ്യയുടെ വേറിട്ട ഗെറ്റപ്പും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമാണ് ഒന്നാം ഭാഗത്തെ വന്‍ വിജയമാക്കിയത്. കേരളത്തിലും ചിത്രം ആരാധകരെ നേടിയിരുന്നു. അതുകൊണ്ട് തന്നെ വലിയ ആവേശത്തോടെയാണ് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത അവര്‍ സ്വീകരിച്ചത്.
എന്നാല്‍ ടീസറിലെ ഒരു രംഗം വലിയ തോതില്‍ ട്രോള്‍ ഏറ്റുവാങ്ങുകയാണ്.
ടീസറില്‍ ബാലയ്യയുടെ കഥാപാത്രം തന്റെ കയ്യിലുള്ള ശൂലം ഉപയോഗിച്ച് വില്ലന്മാരെ കറക്കി കൊല്ലുന്നതും അവരെയെല്ലാം അതുപയോഗിച്ച് പൊക്കി എടുക്കുന്നതുമാണ് ട്രോളിന് ഇരയായിരിക്കുന്നത്. വീണ്ടും അവിശ്വസനീയമായ ഫൈറ്റുകളുമായി ബാലയ്യ എത്തിയിരിക്കുകയാണെന്നാണ് കമന്റുകള്‍. 'സൗത്ത് ഇന്ത്യന്‍
സിനിമയെന്നാല്‍ വെറും മസാല സിനിമകള്‍ ആണെന്ന പൊതുബോധ്യത്തെ പതുക്കെ മാറ്റിയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവിടെ ഒരാള്‍ അതിനെ നശിപ്പിക്കുന്നത്' എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ടീസറിലെ ഈ സീനിനെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് തമാശ നിറഞ്ഞ കമന്റുകള്‍ ഉയരുന്നുണ്ട്. 'മഴ പെയ്യുമ്പോള്‍ ഞാന്‍ ഇങ്ങനെയാണ് ടെറസില്‍ നിന്ന് തുണി എടുത്തുകൊണ്ട് വരുന്നത്', 'മിക്‌സിയില്‍ അരയ്ക്കുന്നത് പോലെയാണ് ബാലയ്യ വില്ലന്മാരെ കൊല്ലുന്നത്', എന്നിങ്ങനെയാണ് വരുന്ന കമന്റുകള്‍.