Latest News

നിങ്ങളുടെ ഫോണ്‍ കീശയില്‍ തന്നെ വെക്കണം; ചിത്രത്തിന്റെ ഓരോ ഡയലോഗും ശ്രദ്ധിക്കണം; സിനിമ കാണുന്നതിനിടെ ഇന്‍സ്റ്റഗ്രാം നോക്കിയാല്‍ അത് ചിത്രത്തെ അപമാനിക്കുന്നതിന് തുല്യം'; അക്ഷയ് കുമാര്‍

Malayalilife
 നിങ്ങളുടെ ഫോണ്‍ കീശയില്‍ തന്നെ വെക്കണം; ചിത്രത്തിന്റെ ഓരോ ഡയലോഗും ശ്രദ്ധിക്കണം; സിനിമ കാണുന്നതിനിടെ ഇന്‍സ്റ്റഗ്രാം നോക്കിയാല്‍ അത് ചിത്രത്തെ അപമാനിക്കുന്നതിന് തുല്യം'; അക്ഷയ് കുമാര്‍

ബോളിവുഡ് സൂപര്‍താരം അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ആക്ഷന്‍ ചിത്രമായ 'കേസരി ചാപ്റ്റര്‍ 2' വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. റിലീസിന് മുന്‍പായി ഡല്‍ഹിയില്‍ നടന്ന പ്രത്യേക ഷോയില്‍ പങ്കെടുത്ത അക്ഷയ്, പ്രേക്ഷകരോട് നടത്തിയ അഭ്യര്‍ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിത്രം കാണുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് സിനിമയുടെ ആഴവും ദേശഭക്തിയും നഷ്ടപ്പെടാതിരിക്കാനാണ് ഫോണ്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞത്. 

'നിങ്ങളുടെ ഫോണ്‍ കീശയില്‍തന്നെ വെക്കണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ചിത്രത്തിലെ ഓരോ ഡയലോഗും ശ്രദ്ധിക്കണം. സിനിമ കാണുന്നതിനിടെ നിങ്ങള്‍ ഇന്‍സ്റ്റഗ്രാം നോക്കിയാല്‍, അത് ചിത്രത്തെ അപമാനിക്കുന്നത് പോലെയാവും. അതുകൊണ്ട് നിങ്ങളുടെ ഫോണ്‍ മാറ്റിവെച്ച് സിനിമ കാണണമെന്ന് അഭ്യര്‍ഥിക്കുകയാണ്', എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. ചിത്രം കാണാന്‍ ഡല്‍ഹിയില്‍ പ്രമുഖരുടെ വലിയ നിര തന്നെ എത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, എംപിമാരായ അനുരാഗ് ഠാക്കൂര്‍, ബാന്‍സുരി സ്വരാജ് എന്നിവരടക്കം ചിത്രം കാണാന്‍ എത്തിയിരുന്നു. 

ചാണക്യപുരിയിലെ തീയേറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം. അക്ഷയ് കുമാറിന് പുറമേ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ആര്‍. മാധവനും ചിത്രം കാണാന്‍ എത്തിയിരുന്നു. നവാഗതനായ കരണ്‍ സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. 

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 

1919-ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്. യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം ശങ്കരന്‍ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ 'ദി കേസ് ദാസ് ഷുക്ക് ദി എംപയര്‍' എന്ന പുസ്‌കത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ. അക്ഷയ് കുമാര്‍ ആണ് സിനിമയില്‍ ശങ്കരന്‍ നായരുടെ വേഷത്തിലെത്തുന്നത്.

akshay kumar mobile phone theatre

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES