അല്ലു അര്‍ജുന്റെ സഹോദരനും നടനുമായ അല്ലു സിരിഷിന്റെയും നയനികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്നലെ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും മോതിരം കൈമാറി. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ അല്ലു സിരിഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
എന്റെ ജീവിതത്തിലെ പ്രണയവുമായി ഒടുവില്‍ സന്തോഷത്തോടെ വിവാഹനിശ്ചയം കഴിഞ്ഞു, നയനിക ' എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അല്ലു സിരിഷ് കുറിച്ചത്. വെളുത്ത നിറത്തിലുളള പരമ്പരാഗത വസ്ത്രമായിരുന്നു അല്ലു സിരിഷ് ധരിച്ചിരുന്നത്. ചുവന്ന ലെഹങ്കയായിരുന്നു നയനികയുടെ വേഷം. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ചെത്തുന്നത്.
വെളളിയാഴ്ച നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അല്ലു അര്‍ജുന്‍, സ്നേഹ റെഡ്ഡി, ചിരഞ്ജീവി, രാംചരണ്‍, ഉപാസന , എന്നിവര്‍ക്കൊപ്പം വരുണ്‍ തേജും ലാവണ്യയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. തെലുങ്ക് പാരമ്പര്യ ആചാരങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്.
മുത്തച്ഛന്‍ അല്ലു രാമലിങ്കയ്യയുടെ ജന്മദിനത്തിലാണ് താന്‍ വിവാഹതിനാകാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത അല്ലു സിരിഷ് ആരധകരോടായി പങ്കുവെച്ചത്. പാരീസിലെ ഐഫില്‍ ടവറിന് മുന്നില്‍ പ്രണയിനിയുടെ കൈ ചേര്‍ത്തു പിടിച്ച ഒരു ഫോട്ടോയും, വിവാഹ നിശ്ചയത്തിന്റെ ക്ഷണപ്പത്രവും പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
ഇന്ന് എന്റെ മുത്തശ്ശന്‍ അല്ലു രാമലിങ്കയ്യയുടെ ജന്മദിനമാണ്. ഈ ദിവസം എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതില്‍ ഞാന്‍ അനുഗ്രീതനാണെന്ന് തോന്നുന്നു. ഒക്ടോബര്‍ 31 ന് ഞാനും നയനികയും തമ്മിലുള്ള വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്.
എന്റെ മുത്തശ്ശി അടുത്തിടെയാണ് മരണപ്പെട്ടത്. എന്റെ കല്യാണം കാണാന്‍ മുത്തശ്ശി ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇന്ന് ഞങ്ങള്‍ക്കൊപ്പം മുത്തശ്ശിയില്ല എങ്കിലും, ഞങ്ങളുടെ ഒരുമിച്ചുള്ള ഈ യാത്രയുടെ തുടക്കത്തിന് മുകളില്‍ നിന്നുള്ള മുത്തശ്ശിയുടെ അനുഗ്രഹമുണ്ടാവും. ഞങ്ങളുടെ പ്രണയത്തില്‍ കുടുംബത്തിനും വലിയ സന്തോഷമാണ്- എന്നായിരുന്നു അല്ലു സിരിഷ് കുറിച്ചത്.