മലയാളത്തില്‍ സ്ത്രീപക്ഷ കഥകള്‍ പറയുന്ന സിനിമകള്‍ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ക്ക് ഭയമാണെന്ന് നടി അനന്യ. സ്ത്രീകേന്ദ്രീകൃത കഥകള്‍ നിരവധി വരുന്നുണ്ട്. മിക്ക നടിമാരെ തേടി അത്തരം കഥകള്‍ എത്തുന്നുണ്ട്. എന്നാല്‍ അതൊരു സിനിമയാക്കി മാറ്റാന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്നും താരം പറയുന്നു.
''നല്ല കഥാപാത്രങ്ങള്‍ വരുന്നുണ്ട്. സ്ത്രീകേന്ദ്രീകൃതമായ സിനിമകളില്‍ പ്രൊഡക്ഷന്‍സ് ഇനിഷ്യേറ്റീവ് എടുത്തിട്ട് വരാനുള്ള ബുദ്ധിമുട്ട് ഞാന്‍ കണ്ടിട്ടുണ്ട്. വിഷമത്തോടെയാണ് ഇത് പറയുന്നത്. ആരും നെഗറ്റീവ് ആയിട്ട് എടുക്കരുത്. സ്ത്രീകേന്ദ്രീകൃത കഥ എന്ന് പറയുമ്പോള്‍ അവര്‍ക്ക് ഭയമാണ്. ഇതെങ്ങനെ മാര്‍ക്കറ്റ് ചെയ്യും, എങ്ങനെ ബജറ്റ് കവര്‍ ചെയ്യാന്‍ പറ്റും, പ്രേക്ഷകര്‍ കാണുമോ സ്വീകരിക്കുമോ എന്നൊക്കെയുള്ള ഭയമുണ്ട്. അതൊരു വസ്തുതയാണ്'' എന്നാണ് അനന്യ പറയുന്നത്.
കഴിഞ്ഞ കൊല്ലം ഞാന്‍ ആറ് സിനിമകളുടെ കഥ കേട്ടു. എല്ലാം ഫീമെയില്‍ സബ്ജെക്ടുകളാണ്. അതിന് നിര്‍മാതാക്കളെ നോക്കുമ്പോള്‍ എല്ലാവരും പിന്മാറുകയാണ്. എന്തിനാണ് ആ ഭയമെന്ന് മനസിലാകുന്നില്ലെന്നും അനന്യ പറയുന്നു.
'വളരെയധികം സ്ത്രീപക്ഷ കഥകള്‍ വരുന്നുണ്ട് മലയാളത്തില്‍. നടിമാരോട് ചോദിച്ചാല്‍ മനസിലാകും. ഓരോരുത്തരേയും തേടി ഒരുപാട് സിനിമകള്‍ വരുന്നുണ്ട്. കുറേ വിഷയങ്ങളുണ്ട്. പക്ഷെ ഇതൊന്ന് പ്രാക്ടിക്കലി സിനിമയായി വരാനുള്ള സ്പേസ് ഇപ്പോള്‍ എത്തിയിട്ടില്ല. ലോക അത് ബ്രേക്ക് ചെയ്തതാണെന്ന് തോന്നുന്നത്. റിമയുടെ സിനിമയും വരുന്നുണ്ട്. മലയാളികള്‍ സ്ത്രീകേന്ദ്രീകൃത സിനിമകളെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് തോന്നുന്നത്''.
എന്തെങ്കിലും ഇനിഷ്യേറ്റീവ് എടുത്ത് മുന്നോട്ട് വന്നാല്‍ മാത്രമേ ഇവിടെ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവൂ. ഇനി ഒരു രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഫീമെയില്‍ സബ്ജെക്ട് ധാരാളമായി വരും. അതിനൊരു തുടക്കമായിരുന്നു ജയ ജയ ജയ ജയ ഹേ പോലുള്ള സിനിമകള്‍. സൂക്ഷമദര്‍ശിനി വന്നു. ലോക വന്നു, റിമയുടെ ചിത്രം വരുന്നു. ഇനിയും വരും. അത്തരം സിനിമകള്‍ക്ക് വേണ്ടി നിര്‍മാതാക്കളും കൂടി മുന്നിട്ടിറങ്ങണമെന്നും അനന്യ പറയുന്നു.