ബിഗ് ബോസ് മുന്‍ താരം റോബിന്‍ രാധാകൃഷ്ണനും വേദലക്ഷ്മിയും തമ്മിലുള്ള വാക്‌പോര് സോഷ്യല്‍ മീഡിയയില്‍ കനക്കുന്നതിനിടെ, വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി റോബിന്റെ ഭാര്യയും സംരംഭകയുമായ ആരതി പൊടി രംഗത്ത്. തനിക്കെതിരെയും തന്റെ ബിസിനസ്സ് സ്ഥാപനത്തിനെതിരെയും ഉയരുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആരതി നിലപാട് വ്യക്തമാക്കിയത്.
ഒപ്പം ആരതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും ചര്‍ച്ചയാകുന്നുണ്ട്. ഭൂമി കുലുങ്ങുമ്പോഴും അടിപതറാതെ നില്‍ക്കാന്‍ അവള്‍ പഠിച്ചു... ഈശ്വരന്റെ കരങ്ങളില്‍ അഭയം തേടി, ദേവീശക്തിയെ നെഞ്ചിലേറ്റുന്നവളാണ് യഥാര്‍ത്ഥ ശക്തയായ സ്ത്രീ,' എന്നാണ് ആരതി കുറിച്ചത്.
കേരള ഫാഷന്‍ ലീഗ് ഉടമ അഭില്‍ ദേവും വേദലക്ഷ്മിയുമാണ് റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യം രംഗത്തെത്തിയത്. റോബിന്‍ അഭില്‍ ദേവിന് ലക്ഷക്കണക്കിന് രൂപ നല്‍കാനുണ്ടെന്നാണ് വേദലക്ഷ്മി ആരോപിക്കുന്നത്. തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവായി ചില ഓഡിയോ റെക്കോര്‍ഡിങ്ങുകളും ഇവര്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ട് റോബിന്‍ രംഗത്തെത്തിയിട്ടുണ്ട്.
വേദലക്ഷ്മിയും അഭില്‍ ദേവും ചേര്‍ന്ന് കെട്ടിച്ചമച്ച എഡിറ്റഡ് ഓഡിയോകളാണ് പ്രചരിപ്പിക്കുന്നതെന്നും, തന്നെ സാമ്പത്തികമായും രാഷ്ട്രീയമായും തകര്‍ക്കാനും പണം തട്ടിയെടുക്കാനുമുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നുമാണ് റോബിന്റെ വാദം. ഈ വിവാദങ്ങളിലേക്ക് തന്റെ പേരോ തന്റെ ബ്രാന്‍ഡിന്റെ പേരോ വലിച്ചിഴക്കരുതെന്നാണ് ആരതി പൊടി വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇത് പൂര്‍ണ്ണമായും അഭിലും റോബിനും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണെന്നും, അവര്‍ക്കിടയില്‍ എന്ത് പ്രശ്‌നമുണ്ടെങ്കിലും അത് അവര്‍ തമ്മില്‍ തന്നെ സംസാരിച്ച് തീര്‍ക്കണമെന്നും ആരതി പറയുന്നു.
തന്റെ വീഡിയോകളും കണ്ടന്റുകളും ഉപയോഗിച്ച് വേദലക്ഷ്മി ബോധപൂര്‍വ്വം തന്നെ ഇതിലേക്ക് വലിച്ചിഴക്കുകയാണെന്ന് ആരതി ആരോപിക്കുന്നു. ഈ സാമ്പത്തിക ആരോപണങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, തന്റെ പേര് വച്ച് തെറ്റായ കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഒറ്റരാത്രികൊണ്ട് പടുത്തുയര്‍ത്തിയതല്ല തന്റെ ഫാഷന്‍ ബ്രാന്‍ഡെന്ന് ആരതി ഓര്‍മ്മിപ്പിക്കുന്നു. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് തന്റെ ബിസിനസ്സ്. ഞാനുമായോ എന്റെ ബിസിനസ്സുമായോ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴച്ച് ബ്രാന്‍ഡിന്റെ അന്തസ്സ് കെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും താരം വ്യക്തമാക്കി.
തന്റെ നിശബ്ദതയെ ബലഹീനതയായി ആരും തെറ്റിദ്ധരിക്കരുതെന്നും ഇന്നു കാണുന്ന നേട്ടങ്ങള്‍ക്ക് പിന്നിലെ തന്റെ അധ്വാനം മറ്റാരേക്കാളും നന്നായി അറിയാവുന്നത് തനിക്കാണെന്നും ആരതി കൂട്ടിച്ചേര്‍ത്തു. നേരായ നിയമപരമായ വഴിയിലൂടെ തന്റെ പേരും ബ്രാന്‍ഡും സംരക്ഷിക്കുമെന്നും, ഈ പ്രശ്‌നങ്ങളില്‍ നിന്ന് എന്നെയും എന്റെ ബ്രാന്‍ഡിനെയും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും പറഞ്ഞാണ് ആരതി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.