മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സുധീര്‍ പറവൂര്‍. മിമിക്രിയും അഭിനയവും പാട്ടും പാട്ടെഴുത്തും പാരഡിയുമൊക്കെയായി കലാരംഗത്ത് സജീവമാണ് താരം. തന്റെ ജീവിതത്തില്‍ കടന്ന് വന്ന ജീവിത അനുഭവങ്ങളെക്കുറിച്ച് കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തില്‍ താരം പങ്ക് വച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പതിനാല് വര്‍ഷത്തോളം വാടക വീടുകളില്‍ താമസിച്ച സുധീര്‍ അടുത്തിടെയാണ് പുതിയൊരു വീട് പണിതത്. സ്റ്റക്കായി പോയ നിമിഷങ്ങളില്‍ നിന്ന് മാനസീകമായ ബലം കൊണ്ട് ഞാന്‍ പുറത്ത് വന്നിട്ടുണ്ടൈന്ന് പറഞ്ഞാണ് വീടിന് തീപിടിച്ചു അനുഭവം നടന്‍ പങ്ക് വച്ചത്.പതിനാല് വര്‍ഷത്തോളം ഞാന്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കല്യാണം കഴിഞ്ഞ് ഒന്നര മാസം മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.
അത് കഴിഞ്ഞയുടന്‍ വാടക വീട്ടിലേക്ക് താമസം മാറി. ഇപ്പോള്‍ ഞങ്ങള്‍ തറവാട്ടില്‍ തന്നെ വീട് വെച്ച് താമസിക്കുകയാണ്. കഴിഞ്ഞ ഓണത്തിനാണ് പുതിയ വീട്ടിലേക്ക് മാറിയത്. അമൃത ടിവിയില്‍ ഞാന്‍ ചെയ്ത കേശവന്‍മാമന്‍ എന്ന കഥാപാത്രം തന്ന വീടാണെന്ന് വേണമെങ്കില്‍ പറയാം. കൊവിഡ് സമയത്താണ് ഈ പരിപാടി അമൃതയില്‍ ആരംഭിച്ചത്. അതിന് മുമ്പ് സ്റ്റേജ് ഷോകളും ചെറിയ ചെറിയ കഥാപാത്രങ്ങളും മാത്രമായിരുന്നു വരുമാന മാര്‍ഗം.
ഒരു ദിവസം കോതമംഗത്ത് നിന്ന് പരിപാടി കഴിഞ്ഞ് വൈഫിനെ വീട്ടില്‍ നിന്നും കൂട്ടി ഞങ്ങള്‍ ടുവീലറില്‍ വാടക വീട്ടിലേക്ക് വന്നു. മഴ പെയ്ത് തീര്‍ന്നതേയുണ്ടായിരുന്നുള്ളു. അതുകൊണ്ട് കറന്റും ഉണ്ടായിരുന്നില്ല. മാത്രമല്ല എന്തോ കത്തികരിഞ്ഞ മണം വല്ലാതെ അടിക്കുന്നുമുണ്ട്. എന്താണെന്നൊന്നും മനസിലായില്ല.
താക്കോലിട്ട് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാനം ഞാന്‍ തള്ളി തുറന്നു. വീടിനുള്ളില്‍ മുഴുവന്‍ കനലാണ് ഞാന്‍ കണ്ടത്. ഒറ്റ മുറിയും അടുക്കളയും ബാത്ത് റൂമും മാത്രമുള്ള വീടായിരുന്നു. പരിസരവാസികളാരും വീടിന് തീപിടിച്ചത് അറിഞ്ഞിരുന്നില്ല. വീട് മുഴുവന്‍ കത്തി ജനല്‍ ചില്ല് വരെ പൊട്ടിത്തെറിച്ചിരുന്നു. കട്ടിലും എല്ലാ സാധന സാമ?ഗ്രികളും കനലായി. പരിപാടി അവതരിപ്പിച്ച് സ്വരുക്കൂട്ടി വാങ്ങിയ ടിവിയും വീട്ടുപകരണങ്ങളും എല്ലാമായിരുന്നു. ഒന്നും ബാക്കിയില്ലാതെ എല്ലാം നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടോ മറ്റോ ആയിരുന്നു. ?ഗ്യാസ് സിലിണ്ടര്‍ പൊട്ടിയതാണോയെന്ന് സംശയിച്ചിരുന്നു. ഫയര്‍ ഫോഴ്‌സ് വന്നാണ് കനല്‍ അണഞ്ഞത്. പാസ്‌പോര്‍ട്ട് അടക്കമുള്ളവ അലമാരിക്കുള്ളിലെ അറയില്‍ ആയിരുന്നതുകൊണ്ട് അതൊന്നും നശിച്ചില്ല. ബൈക്കും ഇട്ട ഡ്രസ്സും മാത്രമാണ് അവശേഷിച്ചത്. പിന്നെ എല്ലാം ഒന്നേന്ന് തുടങ്ങി വീട് പുത്തനാക്കി.
പലരും ഇനി ആ വീട്ടില്‍ താമസിക്കരുതെന്ന് പറഞ്ഞിരുന്നുവെങ്കിലും ഞാന്‍ വാശിയോടെ അവിടെ തന്നെ രണ്ട് വര്‍ഷം കുടുംബസമേതം താമസിച്ചു. തീപിടിച്ചശേഷം പലരും ആ വീട്ടില്‍ താമസിക്കരുതെന്ന് ഞങ്ങളെ വിലക്കിയിരുന്നു. പതിനാല് വര്‍ശഷത്തിനിടെ ഏഴോളം വാടക വീട്ടില്‍ മാറി മാറി താമസിച്ചിട്ടുണ്ടെന്നും സുധീര്‍ പറയുന്നു.