പുതിയ ചിത്രം മിറാഷിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ നടന്‍ ആസിഫ് അലി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഈ മാസം 19നാണ് റിലീസ് ചെയ്യുന്നത്. തന്റെ പുതിയ ചിത്രങ്ങളൊന്നും മക്കള്‍ തിയറ്ററില്‍ പോയി കണ്ടിട്ടില്ലെന്ന് പറയുകയാണ് നടന്‍ ആസിഫ് അലി. 2024- 25 വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ തന്റെ ചിത്രങ്ങളൊന്നും മക്കള്‍ക്ക് ഇഷ്ടമായിട്ടില്ല.
ലോകയിലെന്താണ് അഭിനയിക്കാത്തത് എന്നായിരുന്നു അവരുടെ ചോദ്യം. പുതിയ തലമുറയുടെ ഇഷ്ടങ്ങള്‍ വേറെയാണെന്നും ആസിഫ് അലി പറഞ്ഞു. മിറാഷിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.
'പ്രേക്ഷകര്‍ക്ക് മാത്രം ഇഷ്ടപ്പെടുന്ന ചിത്രമെടുക്കാന്‍ ആര്‍ക്കുമാവില്ല. ഹിറ്റുകളൊന്നും നല്‍കാതെ നില്‍ക്കുമ്പോഴാണ് ജീത്തു ജോസഫ് കൂമന്‍ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. സിനിമാ ജീവിതത്തില്‍ ഗിയര്‍ ഷിഫ്റ്റ് തന്ന ചിത്രമായിരുന്നു കൂമന്‍. പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ജീത്തു ജോസഫിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
അതുകൊണ്ട് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്. ഏതൊരു ഭാഷയിലെ സിനിമകളോടും മത്സരിക്കാവുന്ന മികച്ച ചിത്രങ്ങളാണ് മലയാളത്തിലുണ്ടാകുന്നത്. അതോടൊപ്പം പ്രേക്ഷകരുടെ ആസ്വാദന രീതി മാറി. അതുകൊണ്ടാണ് തിയറ്ററില്‍ വിജയിക്കാത്ത ചിത്രങ്ങള്‍ ഒടിടിയില്‍ സ്വീകരിക്കുന്നത്.ഇന്‍സ്റ്റഗ്രാമും യൂട്യൂബുമെല്ലാം കാണുന്നവര്‍ തിയറ്ററില്‍ സിനിമയിലെ ഇഴച്ചില്‍ ഇഷ്ടപ്പെടുന്നില്ലെന്നും' ആസിഫ് അലി പറഞ്ഞു.
നടന്‍ ആസിഫ് അലി തന്റെ ഭാര്യ സമീന്‍ മസ്റീന്‍ തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്‌നേഹമാണ് സമീനെന്നും, അവളുടെ വരവോടെയാണ് തന്റെ ജീവിതം ശരിയായ ദിശയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സമീനെ വിവാഹം കഴിക്കുന്നതിന് മുമ്പ് താന്‍ അലസനും ലക്ഷ്യമില്ലാത്തവനുമായിരുന്നെന്ന് ആസിഫ് അലി സമ്മതിക്കുന്നു.
എന്നാല്‍ സമീന്റെ പിന്തുണയും പ്രോത്സാഹനവും തന്റെ കരിയറിലും വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. അവളുടെ പ്രചോദനം കാരണമാണ് താന്‍ കൂടുതല്‍ അച്ചടക്കമുള്ളവനായും ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവനായും മാറിയതെന്ന് അദ്ദേഹം പറയുന്നു.
'അവള്‍ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം, ഞാന്‍ എന്നെത്തന്നെ മെച്ചപ്പെടുത്താന്‍ തുടങ്ങി. എന്റെ ചിന്താഗതിയിലും കാഴ്ചപ്പാടുകളിലും അവള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്റെ കഠിനാധ്വാനങ്ങള്‍ക്ക് പിന്നില്‍ അവളാണെന്നും, അവളില്ലായിരുന്നെങ്കില്‍ ഇതെല്ലാം സാധ്യമാകുമായിരുന്നില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു,' ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
സമീന്‍ ജീവിതത്തിലെ സ്‌നേഹമാണെന്ന് പറയുന്നതിനൊപ്പം, അവളുടെ സ്‌നേഹവും പിന്തുണയും തന്റെ വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന ഘടകമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സിനിമാരംഗത്തും വ്യക്തിജീവിതത്തിലും സമീന്റെ സാന്നിധ്യം തനിക്ക് വലിയ പ്രചോദനമാണെന്നും താരം സൂചിപ്പിച്ചു.